അടിമാലി: മണ്ണിടിച്ചിലിനെ തുടർന്ന് കൈത്തോടിന്റെ ഒഴുക്ക് നഷ്ടപ്പെട്ട് വെള്ളം കെട്ടികിടക്കുന്ന മാങ്കുളം തളികം കലുങ്കിന് സമീപം കൈത്തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കാൻ നടപടിയില്ല.ഒന്നരമാസം മുമ്പ് പെയ്ത കനത്തമഴയിലായിരുന്നു കല്ലാർ മാങ്കുളം റോഡിൽ തളികത്തിന് സമീപം കൂറ്റൻമല ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടത്.സമീപത്തെ ഏലത്തോട്ടത്തിൽ നിന്നും വലിയ മരങ്ങളും, കല്ലും മണ്ണും നിരങ്ങി റോഡിലേക്കും റോഡിനോട് ചേർന്ന് ഒഴുകിയിരുന്ന കൈത്തോട്ടിലേക്കും പതിച്ചു.എതാനും ദിവസങ്ങൾക്കുള്ളിൽ റോഡിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും കൈത്തോടടഞ്ഞ് മേഖലയിൽ വെള്ളം കെട്ടികിടക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.വെള്ളക്കെട്ട് മൂലം കൈത്തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള കലുങ്കിന് ബലക്ഷയം സംഭവിച്ചതായാണ് സൂചന.കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ മാങ്കുളത്തേക്കുള്ള ഭാരവാഹനങ്ങൾ കടന്നു പോകുന്നത് ഈ കലുങ്കിന് മുകളിലൂടെയാണ്.വെള്ളം കെട്ടികിടക്കുന്നതിനാൽ കലുങ്കിന്റെ തൂണുകൾ ഇടിഞ്ഞ് പോകാനുള്ള സാധ്യതയും പ്രദേശവാസികൾ തള്ളിക്കളയുന്നില്ല.കെട്ടി കിടക്കുന്ന വെള്ളത്തിന് ഒഴുകി പോകാനുള്ള ഇടമൊരുക്കിയാൽ പ്രശ്‌നത്തിന് പരിഹാരമാകും.ജെസിബി ഉപയോഗിച്ച് കൈത്തോടൊഴുകിയിരുന്നു ഭാഗത്ത് വെള്ളത്തിനൊഴുകാൻ ഇടമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശക്തമായ ആവശ്യം ഉന്നയിച്ചിട്ടും ബന്ധപ്പെട്ട വകുപ്പ് നിസംഗത തുടരുന്നതിൽ പ്രദേശവാസികൾക്കിടയിലുള്ള പ്രതിഷേധവും ശക്തമാണ്.