അടിമാലി: ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ ഒന്നിനു പിറകെ ഒന്നായി ലൈറ്റുകൾ പണിമുടക്കി. ബസ് റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ബസ് റ്റാൻഡിലെ ലൈറ്രും മിഴിയടച്ചതോടെ അടിമാലി ടൗൺ രാത്രികാലത്ത് കൂരാകൂരിരുട്ടിലായി.നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങൾക്ക് ഒടുവിലായിരുന്നു പഞ്ചായത്ത് മുൻകൈയെടുത്ത് അടിമാലി ബസ് സ്റ്റാൻഡിലും സെൻട്രൽ ജംഗ്ഷനിലും മാർക്കറ്റ് ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.ഇതിന് തൊട്ടുപിന്നാലെ അവ പ്രകാശിക്കുന്നില്ലെന്ന പരാതിയും ഉയരുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബസ് സ്റ്റാൻഡിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ലൈറ്റ് പ്രകാശിക്കാതായത്. ലൈറ്റുകൾ പ്രകാശിക്കുന്നില്ലെന്ന പരാതി ഉയരുമ്പോൾ പഞ്ചായത്ത് വേണ്ടവിധത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പിന്നെയും പിന്നെയും ലൈറ്റുകൾ പ്രവർത്തനരഹിതമാകാനുള്ള പ്രധാനകാരണം. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ടൗണിൽ സെൻട്രൽ ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ ഉയരം കുറഞ്ഞ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ അഭാവത്താൽ അവ ഇല്ലാതായതിനു ശേഷമായിരുന്നു ടൗണിൽ വലിയ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കപ്പെട്ടത്.
മൂന്നാറിലെ സഞ്ചാരികളുടെ ഇടത്താവളം
രാത്രികാലങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ഇടത്താവളമായി ഇറങ്ങി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഇടമാണ് അടിമാലി. രാത്രികാലത്തെ കൂരാകൂരിരുട്ട് പലപ്പോഴും ഇവർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിമാലി മേഖലയിൽ മോഷണം വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബസ് സ്റ്റാൻഡുൾപ്പെടെയുള്ള മേഖലകളിലെ ഇരുട്ട് മോഷ്ടാക്കൾക്ക് വളമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.