രാജാക്കാട്: പൂപ്പാറ മുളളൻതണ്ടിൽ അർദ്ധരാത്രിയിൽ കാട്ടാന വീട് അടിച്ചു തകർത്തു. അരിയും ഭക്ഷ്യവസ്തുക്കളും തിന്ന് നശിപ്പിച്ചു. തോട്ടം തൊഴിലാളിയായ പാണ്ഡിയുടെ വീടാണു ഒറ്റയാൻ തകർത്തത്. വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടോടെയാണ് ആന ജനവാസ മേഖലയിൽ എത്തിയത്. പാണ്ഡിയും ഭാര്യ വീലക്ഷ്മിയും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. പരിസരം ചവിട്ടിമെതിച്ച് എത്തിയ ഒറ്റയാൻ വീടിന്റെ മണ്ണിഷ്ടിക കൊണ്ട് നിർമ്മിച്ച ഭിത്തി തള്ളി മറിച്ചിട്ടു. ഈ ശബ്ദം കേട്ടാണ് ഇരുവരും ഉണർന്നത്. ചവിട്ടേറ്റ് ഭിത്തി ഉള്ളിലേയ്ക്ക് മറിഞ്ഞുവീണെങ്കിലും ദേഹത്ത് പതിക്കാതെ ഇരുവരും ചാടിയെണീറ്റ് മാറി. കാട്ടാന ആക്രമിക്കുകയാണെന്ന് മനസ്സിലായതോടെ വെളിയിലേക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. വീടിനുള്ളിൽ പാത്രത്തിൽ സൂക്ഷിച്ചിരുന്ന അരിയും, മറ്റ് ഭക്ഷ്യ വസ്തുക്കളും ഒറ്റയാൻ തിന്നുതീർത്തു. ഭിത്തിയും മേൽക്കൂരയും പതിച്ച് ടെലിവിഷൻ, അലമാര, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു. ഇതിനു ശേഷം ഇവിടെനിന്നും മാറിയ കാട്ടാന സമീപത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പ് തള്ളിമറിച്ചിടാനും ശ്രമം നടത്തി. പരിസരപ്രദേശത്തെ ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ ഒത്തുചേർന്ന് ബഹളം വച്ചും പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയുമാണ് ആനയെ തുരത്തിയത്.