ഇടുക്കി: ഒൻപത് ദിവസം നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഇന്നലെ പൂജയെടുപ്പും വിദ്യാരംഭചടങ്ങുകളും നടന്നു. അറിവിന്റെ ലോകത്ത് ആദ്യക്ഷരമുൾപ്പെടെ, നൃത്തം, സംഗീതം, ആയോധനവിദ്യ തുടങ്ങി വിവിധ മേഖലകളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ വിജയദശമി ദിനത്തിൽ അദ്ധ്യായനത്തിന് തുടക്കം കുറിച്ചു.
തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആത്മീയ കേന്ദ്രമായ ചെറായിക്കൽ ശ്രിസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ യൂണിയൻ കൺവീനർ ഡോ.കെ.സോമൻ, ക്ഷേത്രാചര്യൻ വൈക്കം ബെന്നി ശാന്തി എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ക്ഷേത്രം കൺവീനർ വി.ജയേഷ്, യൂത്തുമൂവ്മെന്റ് യൂണിയൻ കൺവീനർ അനന്ദു ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ അരിക്കുഴ ശാഖയിൽ നടന്ന ചടങ്ങിൽ രതീഷ് ശാന്തി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.
ഉടുമ്പന്നുർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിവിധ ചടങ്ങുകൾ നടത്തി. പുസ്തകപൂജ, ശ്രീശാരദാപുഷ്പാഞ്ജലി, മഹാഗുരു പുഷ്പാഞ്ജലി തുടങ്ങിയ ചടങ്ങുകളോടെ വിജയദശമി ആഘോഷിച്ചു. കേരള സെൻട്രൽ യൂണിയവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഡോ.സി.എസ്. ചിത്രലേഖ, എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൃഷ്ണ ഹരിദാസ് എന്നിവരെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. ശാഖ പ്രസിഡന്റ് പി.ടി. ഷിബു പരിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. സോമനാഥൻ പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ നന്ദിയും പറഞ്ഞു.