kanjavu
അറസ്റ്റിലായ സുബിജിത്,സിബു എന്നിവർ

 

രാജാക്കാട്: ബസിൽ കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 400 ഗ്രാം ഉണക്ക കഞ്ചാവുമായി രണ്ട് യുവാക്കൾ ബോഡിമെട്ട് ചെക്ക് എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി. ഇടുക്കി മണിയാറൻകുടി മുളയാനിയിൽ സുബിജിത് (21, കരിമ്പൻ അരഞ്ഞനാൽ സിബു അത്തുള്ള ( 21) എന്നിവരാണ് ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജി.പ്രകാശിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അറസ്റ്റിലായത്. ഇന്നലെ രാവിലെ ആറോടെ ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള ബസിൽ പരിശോധന നടത്തുന്നതിനിടെയാണു ബാഗിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്. വ്യാഴാഴ്ച്ച തേനിയിൽ നിന്നും 5,000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇടുക്കി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാനിയാണ് സുബിജിത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ള ഇയാൾ മോഷണ കേസിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പരിശോധനകളിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി പ്രമോദ്, ഷാഫി അരവിന്ദാക്ഷ്, കെ.ആർ ബാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ഷനേജ്, അഗസ്റ്റ്യൻ ജോസഫ്, റോജിൻ അഗസ്റ്റ്യൻ, കെ.രാധാകൃഷ്ണൻ, ജെ.പ്രകാശ്, കെ.എസ് അനൂപ്, കെ.കെ സജിത്കുമാർ എന്നിവർ പങ്കെടുത്തു.