രാജാക്കാട്:പ്രളയക്കെടുതികളിൽ കരകയറാനും സംസ്ഥാനത്തിന്റെ പുനർ നിർമ്മാണത്തിനുമായി സർക്കാർ സാലറി ചലഞ്ചിലൂടെയും സംഭാവനകളിലൂടെയും പണം കണ്ടെത്തുവാൻ പാടുപെടുമ്പോൾ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ പ്രളയത്തിൽ നശിച്ച ആസ്തികളുടെ അവശിഷ്ടങ്ങൾ വഴിവക്കിൽ നശിക്കുന്നു. പൊതു ഇടങ്ങളിലും വഴിവക്കുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന് ഗതാഗത തടസവും പരിസ്ഥിതി മലിനീകരണവും സൃഷ്ടിക്കുകയാണ്.
നശിക്കുന്നത് ഇവയൊക്കൊ...
ഹൈമാസ്റ്റ് ലൈറ്റുകൾ, വൈദ്യുത കാലുകൾ, മറ്റ് ഫിറ്റിംഗുകൾ, തകർന്ന കെട്ടിടങ്ങളുടെ മേൽക്കൂരയിലെ തകിടുകളും കേഡറുകൾ, ബി.എസ്.എൻ.എലിന്റെ വിവിധ തരം ഭൂഗർഭ കേബിളുകൾ,ഓവർ ഹെഡ് വയറുകൾ തുടങ്ങിയവ.
മിക്കവയും പുതിയവ
ജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ശേഷം സ്ഥാപിച്ചതും ഏറെ കാലപ്പഴക്കം ഇല്ലാത്തവയുമാണു ഇവയിൽ മിക്കതും. ടൗണുകൾക്ക് സമീപം വീണുകിടന്നിരുന്നവ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രളയകാലത്ത് ജെ.സി.ബികൊണ്ട് വശങ്ങളിലേയ്ക്ക് ഒതുക്കി വച്ച് താൽക്കാലിക ഗതാഗത സംവിധാനം ഒരുക്കിയെങ്കിലും പിന്നീട് ഇവയെ അധികൃതർ മറന്നു. വഴിയിറമ്പിൽ കിടക്കുന്ന ഇവ ഇപ്പോൾ പലയിടത്തും മാർഗ്ഗതടസ്സം സൃഷ്ടിക്കുകയാണു. ഹൈമാസ്റ്റ് ലൈറ്റുക്കളിലെ ഇലക്‌ട്രോണിക് ഘടക ഭാഗങ്ങൾ കറുത്തീയം ഉൾപ്പെടെയുള്ള മാരക പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളവയാണു. ഇത് മഴവെള്ളത്തിലൂടെ കുടിവെള്ള സ്രോതസ്സുകളിൽ ഒഴുകിയിറങ്ങുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. മറ്റുവിധത്തിലുള്ള പരിസര മലിനീകരണം ഇതിനു പുറമെയാണു.
ആക്രിക്കാര് പേടിച്ചിട്ട് അടുക്കുന്നില്ല
ദുരന്തഭൂമികളിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്നവർ എത്താറുണ്ടെങ്കിലും നിയമടപടി ഭയന്ന് ഇത്തരം വസ്തുക്കൾ എടുക്കാറില്ല. സ്വകാര്യ വ്യക്തികളുടെ വസ്തുവകകളുടെ നാശാവശിഷ്ടങ്ങൾ അവരവർ തന്നെ കുറെയെങ്കിലും ശേഖരിച്ച് ആക്രിക്കാർക്കും മറ്റും വിറ്റ് സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ പരിഹാരമുണ്ടാക്കി. ഇതേ രീതിയിൽ സർക്കാർ വക വസ്തുക്കൾ അതത് വകുപ്പുകൾ വീണ്ടെടുത്ത് ലേലം ചെയ്ത് വിൽക്കുകയും,ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് വകയിരുത്തുകയും വേണം.