vellappally
നെടുങ്കണ്ടം യൂണിയൻ നേതൃസംഗമം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉത്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം : ഏത് പാർട്ടി ഭരണത്തിൽ വന്നാലും കബളിപ്പിക്കപ്പെടുന്ന ഈഴവ സമുദായം സംഘടിത വോട്ടുബാങ്ക് ആകേണ്ടകാലം അതിക്രമിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻസ്മാരക നെടുങ്കണ്ടം യൂണിയനിലെ ശാഖ, പോഷകസംഘടന നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന നേതൃത്വക്യാമ്പ് 'മുന്നേറ്റം 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി നിരാശാജനകമാണ്. 10 നും 50 നും ഇടയിൽ പ്രായമുള്ള വിശ്വാസികളായ സ്ത്രീകൾ ശബരിമലയ്ക്ക് പോകാതിരുന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ 96 ശതമാനവും മുന്നാക്ക സമുദായ ആധിപത്യമാണ്. അതുകൊണ്ട് നമ്മൾ ശബരിമലയിൽ പോയി രക്തസാക്ഷികളാകേണ്ട കാര്യമില്ല. സംസ്ഥാനത്ത് മാറിമാറി വരുന്ന ഇരുമുന്നണികളും ഈഴവ സമുദായത്തെ ചതിച്ചതല്ലാതെ സഹായിച്ച ചരിത്രമില്ല.സംഘടിത മതശക്തികൾ വോട്ടുബാങ്കുകളായി ഭരണത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യോഗം ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, കൗൺസിലർമാരായ എൻ. ജയൻ, കെ.എൻ. ശശി, റ്റി. പ്രകാശ്, കെ.ബി സുരേഷ് പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സി.എം.ബാബു, ശാന്തമ്മ ബാബു, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീബ ദിലീപ്, സെക്രട്ടറി വിമല തങ്കച്ചൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്ദ്, സെക്രട്ടറി അജീഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.റ്റി. മന്മഥൻ നേതൃത്വപരിശീലന ക്ലാസ് നയിച്ചു.

രാമക്കൽമേട് ശാഖയുടെ സാംസ്കാരിക നിലയം വെള്ലാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു

എസ്.എൻ.ഡി.പി യോഗം രാമക്കൽമേട് ശാഖ പുതുതായി പണികഴിപ്പിച്ച സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ശാഖയുടെ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമ്മിച്ചത്. ഇതോടൊപ്പം ഗ്രന്ഥശാല ഓഫീസിന്റെ ഉദ്ഘാടനവും ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം, ക്ഷേത്രഫണ്ട് ശേഖരണോദ്ഘാടനം, ശാഖ നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാനം എന്നിവയും ജനറൽ സെക്രട്ടറി നിർവഹിച്ചു. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേഷ്, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, സെക്രട്ടറി അജയൻ കെ. തങ്കപ്പൻ, വനിതസംഘം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് ഷീബ ദിലീപ്, സെക്രട്ടറി വിമല തങ്കച്ചൻ, യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ആനന്ദ കോടിയാനിച്ചിറ, സെക്രട്ടറി സനീഷ്, കുമാരിസംഘം യൂണിയൻ കൺവീനർ അനുപ്രഭ സജി, ബാലവേദി യൂണിയൻ കോ- ഓർഡിനേറ്റർ ഓമന സോമൻ, ശാഖ പ്രസിഡന്റ് കെ. സോമൻ, സെക്രട്ടറി രാജു ഗുഡ്‌വിൽ,വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ഗംഗ സുരേഷ്, സെക്രട്ടറി ശാന്തമ്മ രാജേന്ദ്രൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ ദിലീപ് യൂണിറ്റ് പ്രസിഡന്റ് അരുൺ കുമാർ, കുമാരിസംഘം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ കെ.എൻ. ശശി സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് കെ.ഡി സുഗതൻ നന്ദിയും പറഞ്ഞു.