വണ്ടിപ്പെരിയാർ: കൊടുങ്കാറ്റും പേമാരിയും തകർക്കാത്ത സുസ്ഥിരഭവനം, അഥവ ദുരന്തങ്ങളുണ്ടായാലും താമസക്കാരുടെ ജീവന് ഭീഷണിയില്ലാത്ത സുരക്ഷിതതാവളം. അയ്യപ്പൻകോവിൽ സ്വദേശി മുരുകനുവേണ്ടി വണ്ടിപ്പെരിയാർ കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന പുതിയ വീടിന്റെ വിശേഷണങ്ങൾ ഇങ്ങനെയാണ്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് മുരുകന്റെ വീട് നഷ്ടപ്പെട്ടത്. പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ കവർന്നെടുത്തത് ഇയാളുടെ വീടും സർവ സമ്പാദ്യങ്ങളുമായിരുന്നു. അവിടെത്തന്നെ പകരമൊരു വീട് നിർമ്മിക്കുമ്പോഴും പെരിയാറ്റിൽ ഇനിയുംവരാനിരിക്കുന്ന പ്രളയസാധ്യതകൾ മുൻകൂട്ടിക്കണ്ടുള്ളതാകണമെന്ന അധികൃതരുടെകൂടി നിർബന്ധമാണ് പുത്തൻ സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിന് നദീതിരം സാക്ഷിയാകുന്നത്.
പ്രകൃതിയ്ക്കിണങ്ങും വിധം നിർമാണം
ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താകും പുനരധിവാസമെന്ന സർക്കാരിന്റെ പ്രഖ്യാപിത നയവും അന്വർത്ഥമാക്കുന്നതാണ് വണ്ടിപ്പെരിയാറ്റിലെ പുതിയ നിർമ്മിതി. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനീക ജർമൻ സാങ്കേതീക വിദ്യയായ പ്രീ ഫാബ്രിക്കേറ്റഡ് സങ്കേതമുപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത്. പരിസ്ഥിതി സൗഹാർദവും, ഈടുറ്റതും അപകടസാധ്യത കുറഞ്ഞതുമായ ഈ വിദ്യ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് ഏറ്റവും അനയോജ്യമായതും, പ്രകൃതിയുടെ സന്തുലിതവസ്ഥയ്ക്ക് ദോഷം വരാത്തതുമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. 5 ലക്ഷം രൂപമാത്രമാണ് വീടിന്റെ നിർമ്മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ്. അതേസമയം ചെലവ് കുറവാണെങ്കിലും കരുത്തിന്റെ കാര്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് സാധ്യതയില്ലെന്നും സാങ്കേതിക വിദഗ്ധർ ഉറപ്പുനൽകുന്നുണ്ട്.
നിർമാണോദ്ഘാടനം നടന്നു
അയ്യപ്പൻ കോവിൽ പാറമടയ്ക്ക് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് വീടിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു. കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഗണേശൻ, സെക്രട്ടറി ബിനുക്കുട്ടൻ, വൈസ് ചെയർമാൻ കനകരാജ്, ഭവനനിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന എൻജിനീയർ മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ സുഭാഷ്, കടൽക്കനി, ടി.എച്ച്.അബ്ദുൾ സമദ് വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സാന്നിഹിതരായി.