മറയൂർ: മഴമാറി മാനം തെളിഞ്ഞ മറയൂരിൽ ഇനി മധുര നാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പു കാലം. മറയൂർ, കാന്തല്ലൂർ, മൂന്നാർ മലനിരകളിൽ പതിനായിരത്തിലേറെ മരങ്ങളിലാണ് ഓറഞ്ച് പഴുത്ത് പാകമായിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ഉടലെടുത്ത പ്രതികൂല സാഹചര്യങ്ങളിൽ നട്ടം തിരിഞ്ഞുനിൽക്കുന്ന കാർഷിക - വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകാൻ നാരകക്കനികൾക്കാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഒക്‌ടോബർ അവസാനം മുതൽ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. മറയൂർ , മൂന്നാർ, കാന്തല്ലൂർ പ്രദേശങ്ങളിലെ ഏറ്റവും സുഖകരമായ കാലാവസ്ഥയും ഈ സീസണിലാണ്. അതോടൊപ്പം ഇത്തവണ വിളവെടുപ്പ് കാലത്ത് മികച്ച വില ലഭിച്ചതിൽ കർഷകരും ഏറെ പ്രതീക്ഷയിലാണ്. മൂന്നാർ, മറയൂർ പ്രദേശങ്ങളിൽ തേയില തോട്ടങ്ങളിൽ ഇടവിളയായും കാന്തല്ലൂരിലെ ചില പ്രദേശങ്ങളിൽ തനത് വിളയായുമാണ് ഓറഞ്ച് കൃഷി ചെയ്യുന്നത്. അനുകൂലകാലാവസ്ഥയും കുറഞ്ഞ പരിപാലന ചെലവും കണക്കിലെടുത്ത് കൂടുതൽ കർഷകർ ഓറഞ്ച് കൃഷിയിലേക്ക് തിരിയുന്ന സാഹചര്യവുമുണ്ട്. മറയൂർ മലനിരകളിലെ കെ.ഡി.എച്ച്.പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവരൈടോപ്പ്, ലോവർ എന്നിവടങ്ങളിലും, തലയാർ, ചട്ടമൂന്നാർ, കാന്തല്ലൂർ, ഗുഹനാഥപുരം ,വട്ടവട എന്നിവടങ്ങളിലുമാണ് മധുരനാരകം പഴുത്ത് പാകമായിരിക്കുന്നത്.
ജാഫ് ലിൽ, സാത് ഗുഡി
അധികം രോഗബാധയേൽക്കാത്തതും ലാഭകരവും എന്നതിനാൽ നിരവധി പേർ കഴിഞ്ഞ വർഷങ്ങളിലും ഓറഞ്ച് കൃഷിയിലേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ്ലിൽ, സാത്‌ഗുഡി ഇനത്തിൽപ്പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടിൽ കൃഷി ചെയ്യുന്നത്.
ആദ്യവിളവിന് 60 രൂപ
ആദ്യ ആഴ്ച്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂർ ചീനി ഹിൽസിലെ ടി. സി കുരുവിളയുടെ തോട്ടത്തിൽ ഒരുകിലോ ഓറഞ്ചിന് 60 രൂപവരെ വിലലഭിച്ചു. ബ്രിട്ടീഷ് ഭരണകാലം മുതൽ മൂന്നാർ മലനിരകളിൽ ഓറഞ്ച് കൃഷി ഉണ്ടായിരുന്നെങ്കിലും എട്ട് വർഷം മുമ്പാണ് വ്യാവസായിക - വിനോദസഞ്ചാര മേഖലകൾക്കുകൂടി പ്രയോജനകരമായ രീതിയിൽ കൃഷി വിപുലീകരിച്ചത്.