ആലക്കോട്: ത്രിതല പഞ്ചായത്തുകളിൽ കൈവരിക്കുന്ന പ്രവർത്തന മികവ് ജനക്ഷേമകരമാകണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കാര്യക്ഷമതയോടുകൂടിയ പ്രവർത്തനങ്ങൾ ജനപക്ഷത്ത് സ്വീകാര്യത വർദ്ധിപ്പിക്കുമെന്നും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ 3.5 കോടി രൂപ അനുവദിച്ച് ബ്ലോക്ക് പഞ്ചായത്തിലെ ഏഴുപഞ്ചായത്തുകളിലായി നിർമ്മാണം പൂർത്തീകരിച്ച് 104 ലൈഫ് പാർപ്പിട പദ്ധതി ഗുണഭോക്താക്കൾക്കുളള താക്കോൽ ദാനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് കോൺഫറൻസ് ഹാളിന്റെ നിർമ്മാണോദ്ഘാടനം നടത്തി. ഇടുക്കി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിജോയി കെ. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ലൈഫ് പാർപ്പിട പദ്ധതിയിൽ സമർപ്പിത സേവനം നടത്തിയതിന് ഇളംദേശം ബ്ലോക്ക് പഞ്ചായത്തേർപ്പെടുത്തിയ ഉപഹാരം പി.ജെ.ജോസഫ് എം.എൽ.എ യിൽ നിന്നും മുട്ടം ഗവ. പോളിടെക്നിക് സിവിൽ വിഭാഗം മേധാവി സെലിൻ ഭാസ്‌ക്കർ ഏറ്റു വാങ്ങി. സംസ്ഥാന സർക്കാരിന്റെ ആരോഗ്യകേരളം പുരസ്‌ക്കാരത്തിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുടയത്തൂർ ഗ്രാമപഞ്ചയത്തിന് പി.ജെ.ജോസഫ് എം.എൽ.എയും, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ആലക്കോട് ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസും ബ്ലോക്ക് പഞ്ചായത്തിന്റെ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മോനിച്ചൻ ആമുഖ പ്രസംഗവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ടും അവതരിപ്പിച്ചു. ഐ.എസ്.ഒ നേട്ടം കൈവരിക്കുന്നതിന് മികച്ച സേവനം നൽകിയ വനിതാക്ഷേമ ഓഫീസർ കെ.എച്ച് ഷാജിയേയും സീനിയർ ക്ലർക്ക് ഡി.സോജകുമാറിനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ് മൊമന്റോ നൽകി ആദരിച്ചു.