കട്ടപ്പന:അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും വ്യാപകമായി ജില്ലയിലേക്ക് പാൽഎത്തുന്നു.പാലിൽ വ്യാപകമായ തോതിൽ മായം കലരുന്നതായി സൂചനയുണ്ടായിരുന്നു. എത്തുന്ന പാൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഉൽസവ സീസണുകളിൽ മാത്രമായിരുന്നു പരിശോധനകൾ ഉണ്ടായിരുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യോപദേശക സമിതിയോഗം തീരുമാനിച്ചു. മണ്ഡലകാലം പോലുള്ള ഉൽസവ സീസണുകളിൽ ഹോട്ടലുകളിലും തട്ടുകടകളിലും വഴിയോരക്കടകളിലും പൊലീസ്, ലീഗൽ മെട്രോളജി, ഫുഡ് സേ്ഫ്ടി, സിവിൽ സപ്ലൈസ് തുടങ്ങിയ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ എ.ഡി.എം പി.ജി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. വിവിധ വകുപ്പുതലവൻമാരും സംഘടനാപ്രതിനിധികളായ എം.ജെ. മാത്യു, എ.പി.ഉസ്മാൻ, പി. മുത്തുപ്പാണ്ടി, പി.കെ. ജയൻ, സി.എം.അസീസ്, സി.കെ. മോഹനൻ, മനോഹരൻ എം.എം, റോസക്കുട്ടി എബ്രഹാം, ഡി.എസ്.ഒ സി.വി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ള കച്ചവടക്കാരും ജാഗ്രതേ..
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നതിനാൽ , പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളവും മറ്റ് പാനീയങ്ങളും വെയിലേൽക്കുന്ന രീതിയിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെയും, കടകളിൽ തൂക്കിയിട്ട് കച്ചവടം നടത്തുന്നവർക്കെതിരെയും നടപടി സ്വീകരിക്കാനും യോഗം നിർദ്ദേശം നൽകി.
മൽസ്യ മാംസ വില്പനയും നീരിക്ഷണത്തിൽ
മൽസ്യ മാംസ വിൽപ്പനകേന്ദ്രങ്ങളിൽ ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി വേണ്ട നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് വകുപ്പിനും തുടർപരിശോധനകൾ നടത്തുന്നതിന് ആരോഗ്യ വകുപ്പിനും സമിതി നിർദ്ദേശം നൽകി. മത്സ്യമാംസ പഴ പച്ചക്കറികളുടെ പരിശോധന കാര്യക്ഷമമാക്കുന്നതിനായി ഒരു മൊബൈൽ ലബോറട്ടറി ജില്ലക്ക് അനുവദിക്കുന്നതിനായി സർക്കാരിനെ സമീപിക്കും. ഉപഭോക്തൃ തർക്ക പരിഹാരഫോറത്തിൽ ഫയൽ ചെയ്യുന്ന കേസുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം അതികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.