patha
കുമരകം- കമ്പം സംസ്ഥാന പാതയിൽ തോപ്രാംകുടി പ്രകാശ് ഭാഗം പൂർണ്ണമായും തകർന്നു കിടക്കുന്നു.

പൈനാവ്: സംസ്ഥാന പാതയുൾപ്പെടെ റോഡുകൾ പൂർണ്ണ തകർച്ച നേരിടുന്ന സാഹചര്യത്തിൽ ഗതാഗത സൗകര്യത്തിനൊപ്പം കാൽനടയാത്രയും ദുഷ്‌കരമാകുന്നു. ചെറുതും വലുതുമായ എല്ലാ റോഡുകളും പൂർണ്ണമായും തകർന്നു. ഗതാഗത രംഗത്ത് പരിമിതികളുള്ള ഹൈറേഞ്ചിലെ റോഡുകളുടെ ശോച്യാവസ്ഥ ജനജീവിതത്തെ തന്നെ സാരമായി ബാധിച്ചു കഴിഞ്ഞു. പൊതുഗതാഗതരംഗം താറുമാറായതിനു പിന്നാലെ കാൽനടയാത്രയ്ക്ക് പോലും കഴിയാതെ റോഡ് ശാപമായും മാറി.സ്വകാര്യ ബസുകൾ പലതും സർവ്വീസ് നിർത്തി. ഇന്ധന വിലവർദ്ധനവിനൊപ്പം റോഡുകളുടെ തകർച്ചയും ഗതാഗത രംഗത്ത് കനത്ത പ്രഹരമായി മാറി.ഈ മേഖലകളിൽ ഇനി അറ്റകുറ്റപ്പണികൾ കൊണ്ട് പ്രശ്നം പരിഹരിക്കുവാൻ കഴിയുകയില്ല. പൂർണ്ണമായും നിർമ്മിച്ചെങ്കിൽ മാത്രമെ ഗതാഗത രംഗം പൂർവ്വസ്ഥിതിയിലേയ്ക്ക് എത്തുകയുള്ളൂ.

 അപകടമേറിയ പാതകൾ

കുമരകം കമ്പം, ആലപ്പുഴതേനി, നേര്യമംഗലം, ഇടുക്കി ,മൂലമറ്റം, പുളിയന്മല തുടങ്ങിയ സംസ്ഥാന പാതകളിൽ അപകടക്കെണികളാണ് പതിയിരിക്കുന്നത്. ടാറിംഗ് ഇളകി വൻ ഗർദ്ദങ്ങളാണ് പലയിടത്തും ഉള്ളത്. ഇതിനു പുറമെയാണ് ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ മണ്ണിടിഞ്ഞും പാതകളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.

 കാൽനട പോലുമാവാതെ കുമരകം - കമ്പം പാത

കുമരകം കമ്പം സംസ്ഥാന പാതയിൽ തോപ്രാംകുടി പ്രകാശ് പുഷ്പഗിരി , മൂലമറ്റം പുളിയന്മല പാതയിൽ ചെറുതോണിഡാം ടോപ്പ് കട്ടിംഗ്, ആലപ്പുഴതേനി പാതയിൽ ബഥേൽ ചെമ്പകപ്പാറ ചിന്നാർ തുടങ്ങിയ മേഘലകളിൽ കാൽനട യാത്രകൾ പോലും ദുഷ്‌കരമാണ്. ഇവിടെ ഓട്ടോറിക്ഷ ,ടാക്സി വാഹനങ്ങൾ സർവ്വീസ് നടത്തുന്നതിന് കഴിയാത്ത സാഹചര്യവുമാണ്. ആവശ്യക്കാരുടെ നിർബന്ധത്തിന് വഴങ്ങി നിരത്തിലിറക്കുന്ന വാഹനങ്ങൾക്ക് നാലിരട്ടി കൂലി നൽകേണ്ടിയും വരുന്നു.