ചെറുതോണി: ജില്ലാ ആസ്ഥാനവുമായി ബന്ധപെടാനാകാതെ കഞ്ഞികുഴി മക്കു വള്ളി നിവാസികൾ. ശക്തമായ മഴയിൽ മക്കുവള്ളി മണിയാറൻകുടി റോഡ് ഒലിച്ചുപോയതിനെ തുടർന്നാണ് 150 ലധികം കുടുംബങ്ങൾ പുറം ലോകത്തെത്താൻ ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ തുലാവർഷ മഴയിൽ ആണ് മക്കുവള്ളി മണിയാറൻകുടി റോഡ് പൂർണമായും തകർന്നത്. ഇതോടെ ജില്ലാ ആസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ 35 കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് മക്കു വള്ളി നിവാസികൾ. മുൻപ് മക്കുവള്ളിയിൽ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ ജില്ലാസ്ഥാനത്ത് എത്താമായിരുന്നു.70 വർഷം മുമ്പ് സർ സി.പി കുടിയിരുത്തിയ പ്രദേശങ്ങളായ മക്കുവള്ളി, മനയത്തടം, നിവാസികൾക്കാണ് ഈ ദുരവസ്ഥ. കഴിഞ്ഞവർഷം കഞ്ഞിക്കുഴി പഞ്ചായത്ത് ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതാണ്. കാലവർഷക്കെടുതിയിലും തകരാത്ത റോഡാണ് തുലാവർഷ മഴയിൽ പൂർണമായും തകർന്നത്. അതിനാൽ അടിയന്തരമായി ഈ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെടുന്നു.