കട്ടപ്പന: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷവും പട്ടയം കിട്ടാത്തതിനാൽ അഞ്ചുരുളി, കല്യാണത്തണ്ട് നിവാസികൾ രംഗത്ത്. കാഞ്ചിയാർ അഞ്ചുരുളിയിൽ പട്ടയപ്രശനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഗ്രാമസഭവരെ വിളിച്ചുചേർത്തു. കാഞ്ചിയാർ പഞ്ചായത്തിലെ 7ാം വാർഡായ കല്യാണതണ്ടിലും അഞ്ചുരുളി മേഖലയിലും 500 ഓളം കുടുംബങ്ങളാണ് 10 വർഷമായി പട്ടയമില്ലാതെ കഴിയുന്നത്. ആദിവാസികളും സാധാരണ കർഷകരുമാണ് ഇവിടെ താമസിക്കുന്നത്. കൈവശരേഖ പോലും ഇവിടുത്ത് കർഷകർക്ക് ലഭിക്കുന്നില്ല. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് പട്ടയമില്ലാതെ വലയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പട്ടയമില്ലാത്തത് തടസം സൃഷ്ടിക്കുകയാണ്.
കാത്തിരുപ്പുമായി കാലമേറെയായി
പട്ടയത്തിനായി ഇവിടുത്തെ കർഷകർ നിരവധി അപേക്ഷകളും സമർപ്പിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അരനൂറ്റാണ്ടായി കൈവശമിരിക്കുന്ന കർഷകരുടെ ഭൂമി റിസർവ്വ് ഫോറസ്റ്റ് എന്ന് പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തിരുത്തണമെന്നും തങ്ങളുടെ ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ടാണ് സ്‌പെഷ്യൽ ഗ്രാമസഭ വിളിച്ച് ചേർത്തത് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്അംഗം ഷീനജേക്കബ്ബാണ് ഗ്രാമസഭ വിളിച്ച് ചേർത്തത്.
300 പേർ ഒപ്പിട്ട നിവേദനം
ഗ്രാമസഭയിൽ 300 ഓളം പേർ പങ്കെടുത്തു. കർഷകർക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് 300 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകുന്നതിനായി പ്രമേയവും അവതരിപ്പിച്ചു. പ്രദേശത്തെ കർഷകർക്ക് പട്ടയം നൽകുന്നില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ.