ചെറുതോണി: അനധികൃതമായി വനഭൂമിയിൽ മേയാൻ വിട്ട ആറ് പോത്ത് കിടാവുകൾ പാറകെട്ടിൽ നിന്നും വീണ് ചത്തു. കരിമണൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഓഡിറ്റ് ഫോറിലാണ് പോത്തുകിടാവുകൾ ചത്ത് കിടന്നത്. വനഭൂമിയിലെ പാറകെട്ടിൽ നിന്നും നേര്യമംഗലം ഇടുക്കി റോഡിലേക്കാണ് കിടാവുകൾ വീണത്. കിടാവുകൾക്ക് ആറ് മാസം പ്രായം ഉണ്ട്. പ്രദേശവാസിയായ കളത്തിൽ ആന്റെണി മാത്യൂവിന്റെതാണ് കിടാവുകൾ. ചെന്നായയെ കണ്ട് ഓടിയതാവാം കിടാവുകൾ വീഴാൻ കാരണമെന്ന് കരുതുന്നതായി കരിമണൽ പൊലീസ് പറഞ്ഞു. മേഖലയിലെ വന പ്രദേശങ്ങളിൽ വളർത്ത് മൃഗങ്ങളെ പ്രവേശിപ്പിക്കുന്നതിന് നിരോധനമുള്ളതാണ്. ഇത് അവഗണിച്ച് വ്യാപകമായി നാട്ടുകാർ മൃഗങ്ങളെ കാട്ടിലേക്ക് അഴിച്ചുവിടുന്നതായാണ് വനം വകുപ്പ് ഉദ്യാഗസ്ഥർ പറയുന്നത്.