അടിമാലി: നിർമ്മാണം പൂർത്തീകരിച്ച മാങ്കുളം പഞ്ചായത്തിലെ വില്ലേജുദ്യോഗസ്ഥർക്കുള്ള ക്വാട്ടേഴ്സുകൾ തുറന്നു നൽകാൻ നടപടിയില്ല. വില്ലേജോഫീസിന് സമീപത്തായി നിർമ്മിച്ചിട്ടുള്ള കെട്ടിടം മാസങ്ങൾ പിന്നിട്ടിട്ടും അടഞ്ഞ് തന്നെ കിടക്കുകയാണ്. മാങ്കുളം വില്ലേജോഫീസിനും മാങ്കുളം പഞ്ചായത്തോഫീസിനും ഇടയിലാണ് വില്ലേജുദ്യോഗസ്ഥർക്കുള്ള ക്വാട്ടേഴ്സുകൾ പണികഴിപ്പിച്ചിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി രണ്ട് നിലകളിലായി പണി പൂർത്തീകരിച്ച കെട്ടിടം ജീവനക്കാർക്കായി നാളിതു വരെ തുറന്നു നൽകിയിട്ടില്ല. അയൽജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പലപ്പോഴും മാങ്കുളം വില്ലേജോഫീസിൽ നിയമിതരായി വരാറുള്ളത്. ഇവർ ഭീമൻതുക മുടക്കി സ്വകാര്യ ലോഡ്ജുകൾ വാടകക്കെടുത്ത് വേണം ഇപ്പോഴത്തെ സാഹചര്യത്തിൽ മാങ്കുളത്ത് താമസിക്കാൻ. താമസ സൗകര്യത്തിന്റെ അഭാവത്താൽ മുൻകാലങ്ങളിൽ മാങ്കുളം വില്ലേജോഫീസിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥർ ജോലിക്കെത്താൻ മടികാണിക്കുന്ന പ്രവണതയും ഉടലെടുത്തിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമെന്നവണ്ണമാണ് ക്വാട്ടേഴ്സുകൾ പണികഴിപ്പിച്ചതെങ്കിലും തുറന്നു നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനം വൈകുകയാണ്.
മദ്യപാനികളുടെ കേന്ദ്രമാകുന്നു
നിർമ്മാണം പൂർത്തീകരിച്ച് വൈദ്യുതീകരണ ജോലികൾ നടത്തിയിട്ടുണ്ടെങ്കിലും ക്വാട്ടേഴ്സിലേക്കുള്ള വൈദ്യുതി കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. നിർമ്മാണത്തിനു ശേഷം നാഥനില്ലാതായി തീർന്നതോടെ ക്വാട്ടേഴ്സിപ്പോൾ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും സംഗമ കേന്ദ്രമാണ്. പല മുറികളുടെയും പൂട്ടുകൾ തകർക്കപ്പെട്ടിരിക്കുന്നു. വാതിലുകൾ തകർക്കപ്പെട്ട ശുചിമുറികൾ വൃത്തിഹീനമാണ്. മദ്യകുപ്പികളും സിഗരറ്റ് കുറ്റികളും അടിവസ്ത്രങ്ങളും മുറികൾകുള്ളിൽ കൂടി കിടക്കുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഇഴ ജന്തുക്കൾക്കും മദ്യപാനികൾക്കും വിട്ടു നൽകാതെ ഉദ്യോഗസ്ഥർക്കായി തുറന്നു നൽകാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.