അടിമാലി: ജലനിധി പദ്ധതി ഉൾപ്പെടെ അരഡസനോളം കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടും കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ വലയുകയാണ് അടിമാലി ചില്ലിത്തോട് അബ്ദേക്കർ കോളനിയിലെ ഒരു പറ്റം കുടുംബങ്ങൾ. പെയ്യുന്ന മഴവെള്ളം ശേഖരിച്ച് വച്ചാണ് ഈ കുടുംബങ്ങളിപ്പോൾ കുടിക്കാനും കുളിക്കാനുമുളള വെള്ളം കണ്ടെത്തുന്നത്.വേനൽ കനക്കുന്നതോടെ കോളനിക്ക് സമീപത്തെ പാറക്കുഴികളിൽ നിന്നും വെള്ളം ശേഖരിച്ച് തലചുമടായി എത്തിച്ച് വേണം ഈ കൂടുംബങ്ങൾ ദൈന്യംദിന ആവശ്യങ്ങൾ കഴിച്ച് കൂട്ടാൻ.ചില്ലിത്തോട് പട്ടികജാതി കോളനിയിലേക്ക് വെള്ളമെത്തിക്കാനായി നടപ്പാക്കിയ പദ്ധതികളുടെ തുക കണക്കാക്കിയാൽ ഒരു ചെറിയ തടയണ തന്നെ നിർമ്മിക്കാനുള്ള പണമുണ്ടാകും.എന്നാൽ ഇത്രയേറെ തുക ചിലവഴിച്ചിട്ടും പദ്ധതികൾ ആവീക്ഷ്‌ക്കരിച്ചിട്ടും ഈ അബ്ദേക്കർ കോളനിയിലെ കുടുംബങ്ങൾക്ക് കുടിക്കണമെങ്കിൽ മഴവെള്ളം ശേഖരിക്കണം.
പദ്ധതിക്ക് ഒരു കുറവുമില്ല
പദ്ധതികളുടെ കുറവുകൊണ്ടല്ല, മറിച്ച് അവ നടപ്പാക്കിയതിലുള്ള പരാജയവും നിസംഗതയും എല്ലാത്തിനും പുറമേ പിന്നോക്ക വിഭാഗക്കാരെന്ന അവഗണനയുമാണ് ഇന്നും കുടിവെള്ളത്തിനായുള്ള ഈ കുടുംബങ്ങളുടെ കാത്തിരിപ്പ് നീളാനുള്ള പ്രധാന കാരണം. കുടിവെള്ളം ലഭിക്കുകയെന്നതാണ് തങ്ങളുടെ ഏറ്റവും വലിയ ആവശ്യമെന്ന് കോളനിയിലെ വീട്ടമ്മമാർ ആവർത്തിച്ച് പറയുന്നു.
ജലനിധിയിൽ എല്ലാം മുങ്ങി
അടിമാലി പഞ്ചായത്തിലെ മൂന്നും എട്ടും വാർഡുകൾ ചേർന്ന പ്രദേശമാണ് ചില്ലിത്തോട് പട്ടികജാതി കോളനി. ഏദേശം നാല് പതിറ്റാണ്ടോളമായി ഇവിടെ ജനവാസമാരംഭിച്ചിട്ട്. ആദ്യകാലത്ത് വാട്ടർ അതോററ്റിയുടെ കുടിവെള്ളം ഈ കുടുംബങ്ങൾക്ക് യഥേഷ്ടം ലഭിച്ചിരുന്നു. പിന്നീട് പദ്ധതി ജലനിധി ഏറ്റെടുത്തതോടെ എല്ലാം തകിടം മറിഞ്ഞു. കോളനിയിലെ കുടുംബങ്ങൾ ജലനിധിയിലേക്ക് പണമടച്ചെങ്കിലും വെള്ളം മാത്രം എത്തിയില്ല.കാലാന്തരത്തിൽ പൈപ്പുകളത്രയും തുരുമ്പെടുത്ത് നശിച്ചു.
അധികൃതർ ഉണരണം
വെള്ളമെത്തിക്കാൻ പദ്ധതികൾ പലതും ആവീഷ്ക്കരിക്കപ്പെട്ടെങ്കിലും വെള്ളം മാത്രം എത്തിയില്ല. ഏറ്റവും ഒടുവിൽ ജില്ലാ പഞ്ചായത്തിന്റെ പുതിയ കുടിവെള്ള പദ്ധതി എത്തുന്നുവെന്ന ചില സൂചനകളിലാണ് കോളനി നിവാസികളുടെ ഇപ്പോഴത്തെ പ്രതീക്ഷ. ഇത്തവണയെങ്കിലും തങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കണമെന്ന അഭ്യർത്ഥനയാണ് കോളനി നിവാസികൾ മുമ്പോട്ട് വയ്ക്കുന്നത്.