രാജാക്കാട്: രാജഭരണകാലം കഴിഞ്ഞുപോയെന്ന് പന്തളം രാജകുടുംബം മറന്നുപോയെന്നും ഇപ്പോൾ രാജഭരണമല്ല ജനാധിപത്യമാണെന്നും മന്ത്രി എം.എം. മണി എൻ.ആർ സിറ്റിയിൽ പറഞ്ഞു. ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ തിരുമേനി ശമ്പളക്കാരൻ മാത്രമാണ്. സുപ്രീംകോടതിവിധി ഉണ്ടെന്ന കാരണത്താൽ എല്ലാവരും ശബരിമലയ്ക്ക് പോയേ തീരൂ എന്നില്ല. ആവശ്യക്കാർ മാത്രം പോയാൽ മതി. എല്ലാവരും പോകുകയുമില്ല എന്നും മന്ത്രി പറഞ്ഞു. എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ഒ.ജി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എ. കുഞ്ഞുമോൻ, ടി.എം. കമലം, ഏരിയാ സെക്രട്ടറി എം.എൻ. ഹരിക്കുട്ടൻ. ഒ.ജി. മദനൻ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി, കെ.കെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.