vv
അടച്ച് പൂട്ടിയ രാജാക്കാട് കംഫർട്ട് സ്റ്റേഷൻ

രാജാക്കാട്: പ്രൈവറ്റ് ബസ്റ്റാന്റിലെ ശോചനീയാവസ്ഥയിലായ കംഫർട്ട് സ്റ്റേഷന് ശാപമോക്ഷമാകുന്നു. പുതിയ ശൗചാലയം നിർമ്മിക്കുന്നതിന് ശുചിത്വമിഷന്റെ 28 ലക്ഷം രൂപ അനുവദിച്ചു. ടെന്റർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് ഭരണസമതി അറിയിച്ചു. പകരം സംവിധാനമേർപ്പെടുത്തി കംഫർട്ട് സ്റ്റേഷൻ നിലവിൽ അടച്ച് പൂട്ടിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് പണികഴിപ്പിച്ച കംഫർട്ട് സ്റ്റേഷൻ ശോചനീയാവസ്ഥയിലായിട്ട് കാലങ്ങൾ പിന്നിടുകയാണ്. സെ്ര്രപിക് ടാങ്ക് പൊട്ടി ഒഴുകുകയും ശുചിമുറികളുടെ വാതിലുകളും, ക്ലോസറ്റുകളും നശിക്കുകയും ചെയ്തു. നൂറ്കണക്കിന് യാത്രക്കാരെത്തുന്ന ബസ്റ്റാന്റിൽ കംഫർട്ട് സ്റ്റേഷൻ ഉണ്ടായിട്ടും ഉപയോഗിക്കുവാൻ കഴിയാതെ സ്ത്രീകളടക്കമുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. ഇവിടെ നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടത്തിലേയ്ക്കും തോട്ടിലേയ്ക്കും ഒഴുകുന്നത് വൻ പരിസര മലിനീകരണത്തിനും ഇടയാക്കിയിരുന്നു.ഇതേത്തുടർന്ന് പ്രതിക്ഷേധം ഉയരുകയും മാധ്യമ വാർത്തയാകുകയും ചെയ്ത സാഹചര്യത്തിൽ അധികൃതർ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി.തുടർന്ന് ശുചിത്വ മിഷന്റെ സഹായത്തോടെയാണു പുതിയത് നിർമ്മിക്കുന്നത്.എത്രയും വേഗം പണികൾ പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും,അതുവരെ ബസ്സ്റ്റാന്റിൽത്തന്നെയുള്ള മിനി കമ്മ്യൂണിറ്റി ഹാളിൻരെ ശുചിമുറികൾ യാത്രകാർക്ക് ഉപയോഗിക്കാമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി പറഞ്ഞു.