കട്ടപ്പന: ഒരിടവേളയ്ക്ക് ശേഷം അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തക്കാളിപ്പനി പടർന്ന് പിടിക്കുന്നു. കിഴക്കേമാട്ടുക്കട്ട, ചപ്പാത്ത്, മാട്ടുക്കട്ട എന്നിവടങ്ങളിലാണ് തക്കാളിപ്പനി കുട്ടികളിൽ പടർന്ന് പിടിക്കുന്നത്. കിഴക്കേമാട്ടുക്കട്ടയിൽ ഒരു കുട്ടിയിലായിരുന്നു തക്കാളിപ്പനി ആദ്യമായി പിടിപെട്ടത്. എന്നാൽ ഇന്ന് പലയിടത്തും ഈ രോഗം പടർന്ന് പിടിച്ചുകഴിഞ്ഞു. മാട്ടുക്കട്ട സർക്കാർ എൽ.പി സ്‌കൂളിലെ കുട്ടിയിലായിരുന്നു ആദ്യമായി തക്കാളിപ്പനിയുടെ ലക്ഷണം കണ്ടത്. പിന്നീട് ഇതേസ്‌കൂളിലെ പലകുട്ടികളിലും രോഗം പടർന്ന് പിടിച്ചിരിക്കുകയാണ്. സ്‌കൂളിൽ നിന്നാകാം രോഗം മറ്റ് കുട്ടികളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്. പനിയും ചുമയും, ഛർദ്ദിയും, വയറിളക്കവും ഈപനിയുടെ ലക്ഷണമായി വരാം. ചികിത്സക്ക് എത്തുമ്പോഴാണ് തക്കാളിപ്പനിയാണെന്ന് മനസിലാവുന്നത്. തക്കാളിപ്പനി കൂടുന്ന അവസ്ഥയിലെത്തുമ്പോൾ ശരീരത്ത് മുഴുവൻ വലിയ കുരുക്കൾ ഉണ്ടവും. ദിവസങ്ങൾക്കകം പൊട്ടുകയുംചെയ്യും. ശരീരത്തിലും നാവിലുമെല്ലാം കുരുക്കൾ ഉണ്ടാവും. അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടും. പനി ഒരാൾക്കുണ്ടായാൽ സമീപത്തെ മറ്റ് കുട്ടികളിലേക്കും ഇത് പടർന്ന് പിടിക്കും. തക്കാളിപ്പനി പടർന്ന് പിടിച്ചിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. അതിനാൽ തക്കാളിപ്പനിയുടെ ഉറവിടം കണ്ടെത്താനും കഴിഞ്ഞിട്ടില്ല. രോഗം പിടിപെട്ടാൽ ആന്റി ബയോട്ടിക് നൽകിയാലെ രോഗം ഭേദമാകുകയുള്ളു എന്നാണ് ഡോക്ടർമാർ പറയുന്നത്. നിരവധികുട്ടികൾക്കാണ് വൈറൽപനി പടർന്ന് പിടിച്ചിരിക്കുന്നത്. അടിയന്തിരമായിഈ പ്രശ്നത്തിൽ ആരോഗ്യവകുപ്പ് ഇടപെണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.