ഇടുക്കി: ജില്ലാ പി.എസ്.സി ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കട്ടപ്പന നഗരസഭ 20 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കും. നവംബർ ഏഴിന് കട്ടപ്പന നഗരസഭാ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ.സക്കീറിന് കൈമാറുമെന്ന് നഗരസഭാ ചെയർമാൻ മനോജ് എം.തോമസ് അറിയിച്ചു. കട്ടപ്പന അമ്പലക്കവലയിൽ കുറഞ്ഞത് 50 ലക്ഷം രൂപ വിലമതിക്കുന്നതും നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്നതുമായ സ്ഥലമാണ് പിഎസ്.സിക്ക് വിട്ടു നല്കുന്നത്. കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണിത്. അതുകൊണ്ടുതന്നെ ഇവിടെ കെട്ടിടം നിർമ്മിച്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചാൽ ടൗണിനോടു ചേർന്നും യാത്രാസൗകര്യമുള്ളതിനാലും ഉദ്യോഗാർത്ഥികൾക്കും ജീവനക്കാർക്കും ഏറെ സൗകര്യമാകും. നിലവിൽ കട്ടപ്പന പഴയ ബസ്റ്റാന്റിന് എതിർവശത്തുള്ള ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അഞ്ചാം നിലയിൽ വാടകയ്ക്കാണ് ജില്ലാ പിഎസ് സി ഓഫീസ് പ്രവർത്തിക്കുന്നത്. മാസം തോറും നല്ലൊരു തുക വാടക നല്‌കേണ്ടി വരുന്നത് ഇപ്പോൾ ലഭിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതോടെ ഒഴിവാക്കാനാകും. സ്ഥലം വിട്ടുനല്കാനുള്ള സന്നദ്ധത നഗരസഭാ കൗൺസിൽ പാസാക്കി ഗവൺമെന്റിൽ അറിയിക്കുകയും സ്ഥലം വിട്ടുനല്കാൻ സർക്കാർ അനുമതി നല്കുകയും ചെയ്‌തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കി. ജില്ലാ ഓഫീസിനായി സ്ഥലം ലഭ്യമാക്കണമെന്ന് പി എസ് സി യുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.