ഇടുക്കി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനോ തടയാനോ തങ്ങളില്ലെന്നും ഇത്തരം സമരങ്ങളിൽ സഭാംഗങ്ങൾ ആരും പങ്കെടുത്ത് കേസിൽ പ്രതികളാകരുതെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് പറഞ്ഞു.
തൊടുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എം.എസ് ഇടുക്കി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാരെ നേരിട്ടുബാധിക്കുന്ന സംവരണം, രാജ്യവ്യാപകമായി നടക്കുന്ന പീഡനങ്ങൾ, ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, അന്ത്യവിശ്രമത്തിന് ഒരുപിടി മണ്ണില്ലാത്തത് തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ വേറെയുണ്ട്. ഇതിനെതിരെ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘടന. 2019 ലെ പൊതു അവധി ദിവസങ്ങളുടെ പട്ടികയിൽ അയ്യൻകാളിയുടെ ജന്മദിനം ഒഴിവാക്കിയതിൽ പ്രതിഷേധമുണ്ട്. ഈ കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ടി.കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അസി. സെക്രട്ടറി കെ. ശിവദാസ് സഭാസന്ദേശം നൽകി. സെക്രട്ടേറിയറ്റ് അംഗം കെ.ടി. വേലായുധൻ, സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ഭാസ്കരൻ, ജില്ല വൈസ് പ്രസിഡന്റ് അമ്മിണി കരുണാകരൻ, പി.ആർ.രഘു, പി.ജി. വിജയകുമാർ, വി.ജി. മാധവി, അച്ചാമ്മ കൃഷ്ണൻ, സി.ആർ. വിജി, എൻ.സി.കൃഷ്ണൻ, പി.വി. ശിവൻ പി.കെ. സുനിൽ, സനൽ തങ്കപ്പൻ, തുഷാര ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അച്ചാമ്മ കൃഷ്ണൻ (പ്രസിഡന്റ്), ഉല്ലാസ് കരുണാകരൻ ( സെക്രട്ടറി), കൃഷ്ണൻ കല്ലാർകുട്ടി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.