കാൽവരിമൗണ്ട്: സ്കൂൾ കായികമേളയിൽ ദ്രോണാചാര്യ തോമസ് മാഷിന്റെ കണ്ണുകൾ ആരെയൊ തിരയുകയാണ്. രണ്ടായിരത്തിലേറെ വരുന്ന തന്റെ ശിഷ്യഗണങ്ങളിൽ നിന്ന് മികച്ച കായികതാരങ്ങളെ കണ്ടെത്തി ഒളിമ്പിക് സ്വർണം നേടിയെടുക്കാനുള്ള അക്ഷീണപരിശ്രമത്തിന്റെ ഭാഗമാണ് മാഷിന്റെ അന്വേഷണം.

കാൽവരിമൗണ്ട് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ കായികമേളയിലെ ശ്രദ്ധാകേന്ദ്രമാണ് എഴുപത്തിയഞ്ചുകാരനായ ദ്രോണാചാര്യ തോമസ് മാഷ്. 65 കായിക താരങ്ങളുമായിട്ടാണ് മാഷ് മേളയിൽ എത്തിയിരിക്കുന്നത്. ഇവിടെ വിജയികളാകുന്ന കുട്ടികളിൽ ഭൂരിഭാഗവും മാഷിന്റെ കുട്ടികളാണ്. വേൾഡ് മലയാളി കൗൺസിൽ സ്‌പോൺസർ ചെയ്യുന്ന 20ൽ പത്തുപേരും കാൽവരിമൗണ്ട് കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. മലയാളിക്ക് ഒരു ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തോടെയാണ് വേൾഡ് മലയാളി കൗൺസിൽ കായികതാരങ്ങളെ സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഇതിനായി മാസം രണ്ട് ലക്ഷം രൂപയാണ് അവർ ചെലവിടുന്നത്. വഴിത്തല കുരിശിങ്കൽ കുടുംബാംഗമാണ് കെ.പി തോമസ് എന്ന ദ്രോണാചാര്യ തോമസ് മാഷ്. തങ്കമ്മയാണ് ഭാര്യ. മൂത്തമകൻ രാജാസ് വണ്ണപ്പുറം എസ്എൻ വി എച്ച് എസ് എസിലെ കായിക പരിശീലകനാണ്. മറ്റുമക്കളായ രാജി കോരുത്തോട് സ്‌കൂളിലും രജനി മൂവാറ്റുപുഴ നിർമല സ്‌കൂളിലെ കായിക അദ്ധ്യാപികയുമാണ്. നേരിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും തന്റെ ശിഷ്യർക്ക് ഒളിമ്പിക് സ്വർണം നേടുകയെന്ന ജീവിത ലക്ഷ്യവുമായി തോമസ് മാസ് കർമ്മമണ്ഡലങ്ങളിൽ കഠിനശ്രമം തുടരുകയാണ്.

കരസേനയിൽ നിന്ന് കായികസേനയിലേക്ക്

1963 ൽ കരസേനയിൽ വിരമിച്ച തോമസ് മാഷ് 1967 മുതലാണ് കായികപരിശീലകനായി കളത്തിൽ ഇറങ്ങിയത്. അഞ്ജു ബോബി ജോർജ്, ഷൈനിവിൽസൺ അടക്കം നിരവധി താരങ്ങളെ കായികകേരളത്തിന് സംഭാവന ചെയ്തു. രണ്ടായിരത്തിൽ ദേശീയ അദ്ധ്യാപക അവാർഡ്, 2003 ൽ ഇന്ത്യയിലെ മികച്ച കായിക അദ്ധ്യാപകനുള്ള റിയൽഹീറോ അവാർഡ്. 2005 ലോംഗ് ടൈം അച്ചീവ് മെന്റ് അവാർഡ്, 2013 ദ്രോണാചാര്യ അവാർഡ് എന്നിവ തോമസ് മാഷിന് ലഭിച്ചു. 2013 ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് ദ്രോണാചാര്യ അവാർഡ് അദ്ദേഹത്തെ തേടിയെത്തുന്നത്.