കാൽവരിമൗണ്ട്: സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഇടുക്കി എം.ആർ. എസ് ൽ നിന്ന് ജില്ലാ സ്കൂൾ കായികമേളയിൽ നാമമാത്ര പങ്കാളിത്തം. എം .ആർ.എസ് സ്‌കൂളിൽ വിദ്യാർത്ഥികളുടെ പരിശീലനത്തിന് പ്രത്യകഫണ്ട് ഉപയോഗിച്ച് 200 മീറ്റർട്രാക്ക് നിർമ്മിച്ച് നൽകിയിരുന്നു. എന്നിട്ടും 240 കുട്ടികളുള്ള ഈ സ്കൂളിൽനിന്ന് അഞ്ചുപേരാണ് ജില്ലാ മേളയ്ക്ക് എത്തിയത്. ഇവരിൽ ഒരാൾക്കുപോലും വിജയിക്കാനുമായില്ല. മാത്രവുമല്ല മത്സരം പൂർത്തിയാക്കാനാവാതെ ഇതിൽപലരും പാതി വഴിയിൽ കിതച്ചും തളർന്നും പിൻമാറുകയായിരുന്നു.
ആദിവാസി ക്ഷേമത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കായികശേഷി വളർത്തുന്നതിനുമൊക്കെയായി ലക്ഷകണക്കിന് രൂപയാണ് സർക്കാർ ചെലവിടുന്നത്. എം.ആർ.എസ് സ്‌കൂളുകൾ വഴി ഐ.ടി.ഡി.പി ഡിപ്പാർട്ട്മെന്റ് പ്രത്യകം സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിശീലകർ വേണ്ടവിധം വിനിയോഗിക്കുന്നില്ലെന്നാണ് ആക്ഷേപം. കായിക ശേഷിയിൽ മുൻപിലുള്ള ആദിവാസി വിദ്യാർത്ഥികളാണ് പരിശീലനത്തിന്റെ കുറവ് കൊണ്ട് മത്സരം പൂർത്തിയാക്കാനാവാതെ തളർന്ന് വീണത്. മൂന്നാർ, പൈനാവ്, പീരുമേട് എന്നിവിടങ്ങളിലാണ് ജില്ലയിൽ എം.ആർ.എസ് സ്‌കൂളുകളുള്ളത്. ഇതിൽ മൂന്നാർ എം ആർ.എസിലെ കെ.ബെന്നി ജാവലിൻത്രോ ഇനത്തിൽ നേടിയ സ്വർണം മാത്രമായിരുന്നു ആകെയൊരു ആശ്വാസത്തിനുള്ള വകനൽകിയത്. ബന്ധപെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമില്ലായ്മയും ഉദ്യോഗസ്ഥ അലംഭാവവുമാണ് രാജ്യത്തിന് അഭിമാനമാകേണ്ട താരങ്ങളെ ഇല്ലാതാക്കുന്നത്.