കാൽവരിമൗണ്ട്: വിവരസാങ്കേതികവിദ്യ എങ്ങനെ കായികമേഖലയിലും പ്രയോജനപ്പെടുത്താനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് പുറ്റടി എൻ.എസ്.പി.എച്ച്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി അതുൽ മോഹൻ. സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ വിജയം നേടിയ അതുലിന് കടപ്പാട് യൂടൂബിനോടാണ്. മതിയായ സൗകര്യങ്ങൾ ഇല്ലാതെ മുളങ്കമ്പുകൊണ്ട് കുത്തി ചാടിയാണ് ഈ വിദ്യാർത്ഥി പരിശീലനം നടത്തിയത്. ഒരു കോച്ചിന്റെ സഹായമോ ഉപദേശമോ ഇല്ലാതായതോടെ വിരൽതുമ്പിലെ വിവരസങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയായിരുന്നു ഈ കൊച്ചുമിടുക്കൻ. യൂടൂബിൽ നോക്കിയാണ് പോൾവാൾട്ടിന്റെ ടെക്‌നിക്കുകൾ അതുൽ മനസിലാക്കിയത്. വീടിന് പിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് മണ്ണ് കിളച്ച് ഒരുക്കി കയർകെട്ടി മുളങ്കമ്പുകൊണ്ട് കുത്തി ചാടിയായിരുന്നു പരിശീലനം. കട്ടപ്പന കുന്തളംപാറ ചെറിയ കൊല്ലപള്ളിയിൽ മോഹനന്റെയും ലൈഷയുടെയും മകനാണ് അതുൽ. അനന്തു, അരവിന്ദ് എന്നിവർ സഹോദരങ്ങളാണ്.