കാൽവരിമൗണ്ട്: കൂടുതൽ ദൂരവും, വേഗവും, ഉയരവും കീഴടക്കി കാൽവരിമൗണ്ടിൽ നടന്ന റവന്യൂജില്ല സ്കൂൾ കായികമേളയിൽ തൊടുപുഴ സബ് ജില്ല 441 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. അതിഥേയരായ കട്ടപ്പന സബ് ജില്ല 145 പോയിന്റോടെ രണ്ടാം സ്ഥാനവും, അടിമാലി 130 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ് കായികമേള നടത്തിയത്. സ്‌കൂൾ മെഡൽ പട്ടികയിലും പോയിന്റ് നിലയിലും എതിരാളികളെ ബഹദൂരം പിന്നിലാക്കി എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം ചാമ്പ്യന്മാരായി. ദ്യോണാചാര്യ കെ.പി തോമസിന്റ പരിശീലന മികവിൽ ശിഷ്യൻമാർ കഴിഞ്ഞ 9 വർഷമായും തുടർച്ചയായി വണ്ണപ്പുറത്തിനുവേണ്ടി മെഡൽ കൊയ്യുകയായിരുന്നു. 48 സ്വർണവും, 28 വെള്ളിയും, 16 വെങ്കലവും സ്വന്തമാക്കിയ വണ്ണപ്പുറം 334 പോയിന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എസ്.എൻ.എം.എച്ച്.എസ് എസ്.എൻ.ആർ സിറ്റി 58 പോയിന്റാണ് നേടിയത്. ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ 48 പോയിന്റുമായി മൂന്നാമതാണ്. ഈ മാസം 26,27,28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായിക മേളയിൽ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന താരങ്ങളെയാണ് കാൽവരിമൗണ്ടിൽ തിരഞ്ഞെടുത്തത്. ജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കായികതാരങ്ങൾ സംസ്ഥാനമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ രേഖകളുമായി നാളെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തണമെന്ന് സംഘാടകസമിതി അറിയിച്ചു. ദേശീയമത്സരങ്ങൾ നേരത്തെ നടക്കുന്നതിനാലാണ് ഇത്തവണ ജില്ലാ, സംസ്ഥാന മത്സരങ്ങളും നേരത്തെയാക്കിയത്. അതുകൊണ്ടുതന്നെ കായികതാരങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കാതെയാണ് അടുത്ത മത്സരത്തിന് ഇറങ്ങേണ്ടതെന്ന പരിമിതിയുമുണ്ട്.