കുമളി: കുമളി - ആനവിലാസം റോഡിൽ മുരുക്കടി വിശ്വനാഥപുരത്തിന് സമീപം പുലികളെ കണ്ടതായി ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തൽ. കുമളിയിലെ ടാക്‌സി ഡ്രൈവറായ ബിജുവാണ് ഇന്നലെ പുലർച്ചെ മൂന്നിന് എസ്.എൻ.ഡി.പി. യോഗം കുമളി ശാഖയുടെ ശാന്തി കവാടത്തിന് സമീപം ഒരുതള്ളപ്പുലിയും കുഞ്ഞും റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ടാക്‌സി ഓട്ടം കഴിഞ്ഞ് വാഹനം വിശ്വനാഥപുരത്തുള്ള ഉടമയെ ഏൽപ്പിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. റോഡിലിറങ്ങിയ പുലികൾ യാതൊരു പ്രകോപനവുമില്ലാതെ തൊട്ടടുത്ത പറമ്പിലേക്ക് നടന്നുപോയെന്നാണ് ബിജുവിന്റെ വെളിപ്പെടുത്തൽ. ഈ പ്രദേശത്ത് മുമ്പും പുലിയെ കണ്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയുമായി ചേർന്നുകിടക്കുന്ന കാപ്പിത്തോട്ടത്തിന് സമീപമാണ് പുലിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലം. ഇവിടെ മ്ലാവ്, കേഴ, കാട്ടുപന്നി, കൂരമാൻ, മുയൽ തുടങ്ങിയ വന്യജീവികളുടെ നിത്യസാന്നിദ്ധ്യവുമുണ്ട്. അതുകൊണ്ട് പുലിയും കടുവയുമൊക്കെ വരാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. എന്തായാലും ജനവാസമേഖലയിൽ പുലിയിറങ്ങിയെന്ന വാർത്ത നാട്ടുകാരിൽ ആശങ്ക പരത്തിയിരിക്കുകയാണ്‌.