രാജാക്കാട്: ടൗണിനുസമീപം പട്ടികജാതി വികസനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം സ്ഥലം കാടുകയറി നശിച്ചിട്ടും ഭവന - ഭൂ രഹിതർക്ക് വീടുവയ്ക്കാൻ കൊടുക്കില്ലെന്ന് സർക്കാരിന് പിടിവാശി. ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളും താവളമാക്കിയ സ്ഥലം പരിസരവാസികൾക്ക് പേടിസ്വപ്നമായിരിക്കുകയാണ്. ഇവിടെനിന്ന് പുറത്തുവരുന്ന ഇഴജന്തുക്കളെ ഭയന്ന് കുട്ടികളെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് സമീപത്തെ ആദിത്യപുരം കോളനി നിവാസികൾ. ആർക്കും ഉപകാരപ്പെടാതെ കിടക്കുന്ന സ്ഥലം ലൈഫ് മിഷൻ ഭവന പദ്ധതിക്ക് വിട്ടു നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പലതവണ ആവശ്യപ്പെട്ടെങ്കിലും കൈമാറാൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറാകുന്നില്ല. വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് വച്ച് നൽകുന്നതിനും, ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനും പഞ്ചായത്തിൽ അനുയോജ്യമായ സ്ഥലം ലഭ്യമാല്ലാത്ത അവസ്ഥയുണ്ട്. അതിനിടയിലാണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി വെറുതെ കിടക്കുന്ന സ്ഥലം വിട്ടുനൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ പട്ടികജാതി വികസനവകുപ്പിന് കത്ത് നൽകിയത്. എന്നാൽ ഇതിന് ഉദ്യോഗസ്ഥതലത്തിൽ മറുപടിയിന്നും ലഭിച്ചില്ല. പിന്നീട് വകുപ്പ് മന്ത്രിയ്ക്ക് കത്തുനൽകി. ഐ.റ്റി.ഐ നിർമ്മിക്കുന്നതിനായി സ്ഥലം മാറ്റിയിട്ടിരിക്കുകയാണെന്നും, മറ്റൊരാവശ്യത്തിനും കൈമാറാനാവില്ലെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്നും കിട്ടിയ മറുപടി.

നിലവിൽ രാജാക്കാട് പഞ്ചായത്തിൽതന്നെ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്വന്തംകെട്ടിടത്തിൽ സർക്കാർ ഐ.ടി.ഐ പ്രവർത്തിക്കുന്നുണ്ട്. അപ്പോഴാണ് അതേ പഞ്ചായത്തിൽ കുറഞ്ഞ ദൂരത്തിനുള്ളിൽ രണ്ടാമതൊരു ഐ.ടി.ഐകൂടി സ്ഥാപിക്കുമെന്ന് പറയുന്നത്. രാജാക്കാട് പഞ്ചായത്തിൽത്തന്നെ വീടും സ്ഥലവും ഇല്ലാത്ത നിരവധി പട്ടികജാതി കുടുംബങ്ങൾ ഒരുതുണ്ട് ഭൂമിക്കുവേണ്ടി അലയുമ്പോഴാണ് പട്ടികജാതി ക്ഷേമവകുപ്പിന്റെ ഈ ജനദ്രോഹനടപടിയെന്നതാണ് ഏറെ ശ്രദ്ധേയം. ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്ലാറ്റ് നിർമ്മിക്കുന്നതിന് അനുയോജ്യമായ എല്ലാസൗകര്യങ്ങളും ഇവിടെയുണ്ട്.
എന്നിട്ടും ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കുന്നതിന് വിലങ്ങുതടിയായി നിൽക്കുന്ന സർക്കാർ നടപടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.