ഇടുക്കി: ചതുരക്കട്ടയിൽ ചതുർമുഖനേട്ടം കൈവരിക്കുന്ന വണ്ടിപ്പെരിയാർ പഞ്ചായത്തിന്റെ പുതിയ സംരംഭം പ്രവർത്തിപഥത്തിൽ. തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച സിമന്റ് ഇഷ്ടിക നിർമ്മാണ യൂണിറ്റാണ് കൂട്ടായ്മയുടെ വിജയമായി വണ്ടിപ്പെരിയാർ ഉയർത്തിക്കാട്ടുന്നത്. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ, കുടുംബശ്രീ, വിവിധ ഭവന പദ്ധതി ഗുണഭോക്താക്കൾ, ഗ്രാമപഞ്ചായത്ത് എന്നിവരാണ് ഈ കൂട്ടായ്മയിലൂടെ നേട്ടം കൊയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ബിജോയ് വർഗീസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി.രാജേന്ദ്രൻ, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ശെൽവത്തായ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാലമുരുകൻ പഞ്ചായത്തംഗങ്ങൾ, ബി.ഡി.ഒ.എം. എസ് വിജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ലിസി ബാബു, വിവിധ രാഷ്ട്രീയ സംഘടനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ എസ്. .ലീലാമ്മ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ നന്ദിയും പറഞ്ഞു.
സിമന്റ് കട്ട നിർമ്മാണ യൂണിറ്റ്
മഞ്ചുമല ആറ്റോരത്താണ് യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് താല്ക്കാലിക ഷെഡ്, യന്ത്രോപകരണങ്ങൾ, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. മൂലധനമായി തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഷിഫ്ട് സമ്പ്രദായത്തിൽ ജോലി
11 തൊഴിലാളികൾ വീതമുള്ള
ഷിഫ്ടുകളായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ മഞ്ചുമല വാർഡിലെ അംഗങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. ഓരോ ആഴ്ചയും ഷിഫ്റ്റ് മാറി അടുത്ത 11 പേർക്ക് അവസരം നൽകും.
ആദ്യലക്ഷ്യം 1800 ഇഷ്ടിക
ഒരു തൊഴിലാളി ദിവസം 20 കട്ടകൾ നിർമ്മിക്കണം. അങ്ങനെ ആദ്യഘട്ടത്തിൽ എല്ലാവരും ചേർന്ന് 1800 കട്ടകൾ നിർമ്മിക്കും.
ഈ കട്ടകൾ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള വിവിധ ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് 10 രൂപ നിരക്കിൽ വിപണനം ചെയ്യും.
ചതുർമുഖനേട്ടം
തൊഴിലുറപ്പ് അംഗങ്ങൾക്ക് തൊഴിൽ, കുടുംബശ്രീക്ക് വിപണി, ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് ന്യായവിലയിൽ മികച്ച സിമന്റ് കട്ടകളുടെ ലഭ്യത, ഗ്രാമ പഞ്ചായത്തിന് ആസ്തി വികസനവും വരുമാനവും.
കുടുംബശ്രീയുടെ ഉത്തരവാദിത്വം
സിമന്റുകട്ട നിർമ്മിക്കുന്നതിനുള്ള സാധന സാമഗ്രികൾ
എത്തിക്കുക, കട്ടകളുടെ വിപണനം എന്നീ ചുമതലകൾ കുടുംബശ്രീ സി.ഡി എസിനാണ്.
'' വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ഇത്തരമൊരു പദ്ധതി ജില്ലയിൽ തന്നെ ആദ്യമാണ്. പദ്ധതി വിജയകരമായാൽ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കും ''.
-
ശാന്തി ഹരിദാസ്
( വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് )