buil
നിർമ്മാണം ആരംഭിക്കുന്ന നിർദ്ദിഷ്ട മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ്‌

തൊടുപുഴ : മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം രാവിലെ 9 ന് ആരംഭിക്കും. ചെയർപേഴ്സൺ മിനി മധു ഉദ്ഘാടനം നിർവ്വഹിക്കും. 11 കോടി രൂപ മുതൽ മുടക്കി 46,500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് നിലകളിലായാണ് സമുച്ചയം നിർമ്മിക്കുന്നത്. കാലങ്ങളായി മുടങ്ങി കിടന്നിരുന്ന നിർമാണം ഇപ്പോൾ കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും വായ്പ ലഭ്യമാക്കിയാണ് ആരംഭിക്കുന്നത്. നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനും, പട്ടണത്തിന്റെ വികസനത്തിനും ഈ ഷോപ്പിംഗ് കോംപ്ലക്സ് ഉപകരിക്കും. ഉദ്ഘാടന പരിപാടിയിൽ എല്ലാ നഗരവാസികളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.

 പല തവണ തറക്കല്ലിട്ടു

1978 സെപ്തംബർ 1ന് തൊടുപുഴ നഗരസഭ നിലവിൽ വന്നു. തുടർന്നുള്ള പത്തു വർഷം സ്‌പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ഭരണം മുന്നോട്ടു പോയത്. 1988ൽ നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. എൻ. ചന്ദ്രൻ ചെയർമാനായി നിലവിൽ വന്ന കൗൺസിൽ 7 വർഷക്കാലം നഗരസഭയുടെ സാരഥ്യം വഹിച്ചു. ഇക്കാലയളവിൽ 1993 ഓഗസ്റ്റ് 17ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി. എസ്. അച്യുതാനന്ദനാണ് മങ്ങാട്ടുകവല ബസ് സ്റ്റാന്റിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. അന്നുമുതൽ തന്നെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനുളള പദ്ധതികൾ ആസൂത്രണം ചെയ്തുവെങ്കിലും നാളിതുവരെ വിവിധ കാരണങ്ങളാൽ നിർമ്മാണം തുടങ്ങുവാൻ സാധിച്ചില്ല.