വെള്ളത്തൂവൽ: ജനവാസ മേഖലയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിൽ പ്രതിഷേധം ശക്തം. നൂറിൽപ്പരം കുടുംബങ്ങളും റിസോർട്ടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള മുതുവാൻകുടിയുടെ മധ്യഭാഗത്താണ് ജിയോയുടെ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇവിടെ ടവർ സ്ഥാപിക്കാൻ സാധന സാമഗ്രികളുമായി എത്തിയ പണിക്കാരെ പ്രദേശവാസികൾ തടയുകയും പറഞ്ഞയക്കുകയും ചെയ്തു. മൊബൈൽ ടവർ സ്ഥാപിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ടവർ സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് പരാതി നൽകി.
കോൺഗ്രസ് പദയാത്ര:
ഡി.സി.സി നേതൃയോഗം 26 ന്
തൊടുപുഴ : ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരെ വർഗ്ഗീയതയെ തുരത്തൂ,വിശ്വാസികളെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് തൊടുപുഴയിൽ നിന്നും പത്തനംതിട്ടയിലേയ്ക്ക് നടത്തുന്ന പദയാത്രയുടെ മുന്നോടിയായി ഡി.സി.സി നേതൃയോഗം നാളെ ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴ രാജീവ് ഭവനിൽ ചേരും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിക്കും. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും.
കോൺഗ്രസ് ബൂത്ത് ചലഞ്ച്
രമേശും ഉമ്മൻചാണ്ടിയും പങ്കെടുക്കും
തൊടുപുഴ: കോൺഗ്രസ് നടത്തുന്ന ' എന്റെ ബൂത്ത് എന്റെ അഭിമാനം " എന്ന ബൂത്ത് ചലഞ്ച് പരിപാടിയുടെ ഭാഗമായി കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റുമാർ, ചുമതലക്കാർ, ബി.എൽ.എ.മാർ എന്നിവരുടെ നിയോജകമണ്ഡല തല യോഗങ്ങളിൽ ഒക്‌ടോബർ 27ന് രാവിലെ 11ന് അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നവംബർ 3ന് ഉച്ചയ്ക്ക് 2ന് പീരുമേട് നിയോജകമണ്ഡലം യോഗം കുമളി ഹോളിഡേ ഹോമിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അറിയിച്ചു.
ഗുഭോക്താക്കൾ ഹാജരാകണം
ഇടുക്കി: അടിമാലി പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വർഷ പദ്ധതിയിൽ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് തെരഞ്ഞെടുത്തിട്ടുള്ള ഗുഭോക്താക്കൾ ആവശ്യമായ എല്ലാ രേഖകളും സഹിതം (ആധാർ കാർഡ്, ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, ഗുഭോക്തൃ വിഹിതം കൂടാതെ ഓരോ പദ്ധതിക്കും വേണ്ട മറ്റ് രേഖകൾ എന്നിവ സഹിതം) ബന്ധപ്പെട്ട നിർവ്വഹണ ഉദ്ദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണം. കൃഷി ഓഫീസർ നിർവ്വഹണ ഉദ്ദ്യോഗസ്ഥനായ തെങ്ങിൻ തൈ, ജാതി തൈ, ജലസേചന പമ്പ് സെറ്റ്, ഏത്തവാഴ കൃഷി, പച്ചക്കറി കൂലി ചെലവ് സബ്സിഡി എന്നിവക്കും വെറ്റിനറി സർജ്ജൻ നിർവ്വഹണ ഉദ്ദ്യോഗസ്ഥനായ പെണ്ണാട് വിതരണം (പട്ടിക ജാതി വിഭാഗത്തിനും പട്ടിക വർഗ്ഗ വിഭാഗത്തിനും) മുട്ടഗ്രാമം പദ്ധതി (കോഴിയും കൂടും) ജനറൽ, പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കും, കാലി തൊഴുത്ത് നവീകരണം (ജനറൽ) എന്നിവക്കും വി ഇ ഒ നിർവ്വഹണ ഉദ്ദ്യോഗസ്ഥനായ വിവിധ ഭവന പദ്ധതിക്ക് കരാർ വക്കേണ്ടവരും മച്ചിപ്ലാവിലെ ഫ്ളാറ്റിൽ താമസിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളവരിൽ അവിടെ താമസിക്കുന്നതിന് തയ്യാറുള്ളവരും കൂടാതെ അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്ദ്യോഗസ്ഥനായ വൃദ്ധർക്ക് കട്ടിൽ (പട്ടിക വർഗ്ഗക്കാർ) പി വി സി വാട്ടർ ടാങ്ക് (പട്ടിക വർഗ്ഗക്കാർ) എന്നിവയുടെ അർഹരായ ഗുഭോക്താക്കൾ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർ മുമ്പാകെയും ഈ മാസം 31 നുള്ളിൽ ഹാജരായി രേഖകളും ഗുഭോക്തൃ വിഹിതവും അടക്കണം. കൂടുതൽ വിവിരങ്ങൾ ബന്ധപ്പെട്ട വാർഡ് മെമ്പർമാർ വഴിയും നിർവ്വഹണ ഉദ്ദ്യോഗസ്ഥർ വഴിയും അറിയാവുന്നതാണ്. വിവരങ്ങൾക്ക് കൃഷി ഓഫീസർ 8547154775, വെറ്റിനറി സർജ്ജൻ 9446384165, വി ഇ ഒ 7356579404, 9961898170, അസിസ്റ്റന്റ് സെക്രട്ടറി 7561068277, സെക്രട്ടറി 9496045013
കരാർ നിയമനം
ഇടുക്കി: ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു സ്റ്റാഫ് നഴ്സിനെയും ഒരു ക്ലീനിംഗ് സ്റ്റാഫിനെയും ദിവസവേതനത്തിന് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബർ 31ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.വിവരങ്ങൾക്ക് ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.
ആർട്ടിസാൻസ് യൂണിയൻ
ഏരിയ കൺവെൻഷൻ 28 ന്
ചെറുതോണി. കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു ഇടുക്കി ഏരിയാ കൺവെൻഷൻ 28 ന് ചെറുതോണി യൂണിയൻ ഓഫീസ് ഹാളിൽ നടക്കും. യൂണിയൻ ജില്ലാ സെക്രട്ടറി വി.ബി മോഹനൻ ഉദ്ഘാടനം ചെയ്യും. 2018- 19 വർഷത്തെ പെൻഷൻ വാങ്ങുന്നതിന് അർഹരായിട്ടുള്ള ഏരിയായിലെ നിർമ്മാണ തൊഴിലാളി നിന്നും പെൻഷൻ വാങ്ങുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമ ബോർഡിൽ ഹാജരാക്കേണ്ടതുണ്ട്. ജില്ലാഏരിയ നേതാക്കൾ കൺവൻഷനിൽ പങ്കെടുക്കും.
മരിയൻ ഫ്രട്ടേണിറ്റി
തൊടുപുഴ: സർവ്വീസിൽ നിന്നും വിരമിച്ചവരുടെ പ്രാർത്ഥനാ കൂട്ടായ്മ (മരിയൻ ഫ്രട്ടേണിറ്റി) 26ന് തൊടുപുഴ ന്യൂമാൻ കോളേജ് റോഡിലുള്ള മദർ തെരേസ ഹോമിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ ജപമാല, ആരാധന, വി.കുർബാന എന്നിവയോടു കൂടി നടത്തുന്നതാണ്.
ഡി.ഇ.ഒ ഓഫീസ് അനാസ്ഥയാൽ
ജീവനക്കാരുടെ ശമ്പളം മുടങ്ങിയതായി പരാതി
തൊടുപുഴ : ഡി ഇ ഒ ഓഫീസിൽ ഫയലുകൾ ഒപ്പിട്ട് നിയമന അംഗീകാരം നൽകാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ മാറിമാറി അവധിയിൽ പ്രവേശിച്ചതുമൂലം മാസങ്ങളായി പ്രമോഷനും, ട്രാൻസ്ഫറും ലഭിച്ച് തൊടുപുഴ ഡി ഇ ഒ യുടെ പരിധിയിലുള്ള സ്‌കൂളുകളിൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാരുടെ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നത് ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മൂലമെന്ന് ആക്ഷേപം. ഇതുമൂലം ഇൻക്രിമെന്റ്, അരിയർ മുതലായ പല ബില്ലുകളും പാസ്സാക്കാൻ കഴിയാതെ തടസ്സപ്പെട്ടിരിക്കുകയാണ്. ശമ്പളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒട്ടേറെ ജീവനക്കാർ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്. ഇതിനിടെ നിലവിലുണ്ടായിരുന്ന പി.എ. (പേഴ്സണൽ അസിസ്റ്റന്റ്) സ്ഥലം മാറിപ്പോയതോടെ പുതിയ ആളെ മാസങ്ങളായിട്ടും നിയമിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പല സ്‌കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഭരണാനുകൂല സംഘടനയിലെ ചിലരുടെ താൽപ്പര്യങ്ങളാണ് ഇതിനെല്ലാം പിന്നിലെന്ന് ആക്ഷേപമുണ്ട്. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മൂക്കിനു താഴെയാണ് ഇതെല്ലാം നടക്കുന്നതെന്നാണ് വസ്തുത. ഇതിനൊരു പരിഹാരം എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ന്യൂമാൻ കോളേജ് വിമൺ സെൽ പ്രവർത്തനോദ്ഘാടനം
തൊടുപുഴ ന്യൂമാൻ കോളേജ് സെന്റർ ഫോർ വിമൺ എംപവർമെന്റ് 2018-19 വർഷത്തെ പ്രവർത്തനോദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോ-ഓർഡിനേറ്റർ ഡോ. ജെയിൻ എ. ലൂക്ക് സ്വാഗതം പറഞ്ഞു. ഗുരുവായൂർ ഗവൺമെന്റ് അയൂർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമ്മിണി എസ്. പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗ, ജീവിതചര്യ എന്നീ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിൽ അവർ ശ്രദ്ധ ചെലുത്തി. റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ഡോ. നീരദ മരിയ കുര്യൻ വിദ്യാർത്ഥി പ്രതിനിധി കുമാരി ആൻ ജോസി ജോസ് എന്നിവർ സംസാരിച്ചു.
ശാസ്ത്രീയ കൃഷിരീതി
അവലംബിക്കണം: റോഷി അഗസ്റ്റിൻ
ചെറുതോണി : കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനും കൃഷി ലാഭകരമാക്കുന്നതിനുമായി മണ്ണിന്റെ ഗുണമേന്മയറിഞ്ഞ് കൃഷികൾ തെരഞ്ഞെടുക്കുന്നതിനായി ശാസ്ത്രീയ മാർഗ്ഗങ്ങൾ കൂടി കർഷകർ തെരഞ്ഞെടുക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. കൊന്നത്തടിയിൽ നടന്ന മണ്ണ് പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.
പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഡോണ സാന്റു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ടി.പി മൽക്ക, മുൻ പ്രസിഡന്റ് ജെയിംസ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ലിസമ്മ ജോസ്, ജെസ്സി ജോസ്, ലിസ്സി ജോസ്, ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രം ജീവനക്കാരായ ആൻസി ജോൺ, ഐവി കോശി, ശശിലേഖ, കാർഷിക വികസന സമിതിയംഗം ജെയിംസ് മ്ലാക്കുഴി തുടങ്ങിയവർ സംസാരിച്ചു.
സുരീലി ഹിന്ദി ഉത്ഘാടനം
ചെറുതോണി : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠനം ലളിതമാക്കുന്നതിനും, താത്പര്യം വർധിപ്പിക്കുന്നതിനുമായി സമഗ്ര ശിക്ഷാ അറക്കുളം ബി.ആർ.സിയുടെനേതൃത്വത്തിൽ സുരീലി ഹിന്ദി പദ്ധതിക്ക് തുടക്കമായി. പൈനാവ് ഏകലവ്യമോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടന്നബ്ലോക്ക് തല ഉത്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസിതോമസ് നിർവ്വഹിച്ചു. സ്‌കൂൾ സീനിയർ സൂപ്രണ്ട്‌ജോളിക്കുട്ടി അധ്യക്ഷയായി. ജില്ലാപ്രോഗ്രാം ഓഫീസർ ധന്യ പി. വാസു, അറക്കുളംബ്ലോക്ക്‌പ്രോഗ്രാം ഓഫീസർ മുരുകൻ വി. അയത്തിൽ, മിനി മൈക്കിൾ, സരള കെ.കെ തുടങ്ങിയവർ സംസാരിച്ചു. നെടുങ്കണ്ടം ബി.ആർ.സി തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനസുന്ദരൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷിഹാബ് ഈട്ടിക്കൽ, ബി.പി.ഒ ഗീതാ സാബു, വി.എസ് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
കോ - ഓപ്പറേറ്റീവ് എംപ്ലോയിസ്
യൂണിയൻ ഏരിയ സമ്മേളനം
ചെറുതോണി: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ഇടുക്കി ഏരിയ സമ്മേളനം തടിയമ്പാട് നടന്നു. വാഴത്തോപ്പ് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കർഷകസംഘം ജില്ലാ പ്രസിഡന്റ് സി. വി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് സണ്ണി കുര്യൻ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സി. വി വിജയകുമാർ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി റ്റി. സി രാജശേഖരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം പുതിയ ഏരിയ കമ്മറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു. പി.ബി സബീഷ്, കെ.എം മോഹൻദാസ്, കെ. ജയചന്ദ്രൻ, കെ. വി ഗോപിനാഥൻ നായർ, ലാലു സെബാസ്റ്റ്യൻതുടങ്ങിയവർ സംസാരിച്ചു.
പുതിയ ഏരിയ കമ്മറ്റി ഭാരവാഹികൾ: സണ്ണി കുര്യൻ പ്രസിഡന്റ്, ലാലു സെബാസ്റ്റ്യൻ, സുനിതാ കുമാരി എൻ, വൈസ് പ്രസിഡന്റുമാർ, കെ.വി ഗോപിനാഥൻ നായർ, ബിജു പടമുഖം, ജോയിന്റ് സെക്രട്ടറിമാർ, കെ.എം മോഹൻദാസ് ട്രഷറർ.
കാർഷിക വികസന സെമിനാർ
കല്ലാനിക്കൽ : സെന്റ് ജോർജ് യു പി സ്‌കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇടവെട്ടി കൃഷിഭവന്റെ സഹകരണത്തോടെ കാർഷിക വികസന സെമിനാർ സംഘടിപ്പിച്ചു. സ്‌കൂൾ ഹാളിൽ നടന്ന സെമിനാർ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പി.ജെ. ഡാൻസി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോർഡിനേറ്റർ റ്റി.എം. ഫിലിപ്പുകുട്ടി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യൻ, അധ്യാപക പ്രതിനിധികളായ ജയ്സൺ ജോസഫ്, ജിജോ മാനുവൽ, എ.റ്റിസോഫിയ, സെലിൻ ജോസ്, ക്ലബ്ബ് ഭാരവാഹികളായ റ്റി.എസ്. ബിലാൽ, ശരണ്യ ബാലകൃഷ്ണൻ, സാന്ദ്ര രാജേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആധുനിക കൃഷിരീതികൾ എന്ന വിഷയത്തിൽ കൃഷി ഓഫീസർ ബേബി ജോർജ് ക്ലാസ്സ് നയിച്ചു. നവീന കൃഷിരീതികൾ വ്യക്തമാക്കുന്ന സി.ഡി. പ്രദർശനവും നടന്നു.
സൗജന്യ കാലിത്തീറ്റ വിതരണം
തൊമ്മൻകുത്ത് : ഇളംദേശം ബ്ലോക്കിലെ 28 സംഘങ്ങൾക്കുള്ള പ്രളയകാല ദുരിതത്തിന്റെ സൗജന്യ കാലിത്തീറ്റ വിതരണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. മിൽക്ക് സൊസൈറ്റി അസോസിയേഷൻ തൊടുപുഴ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സാബു അബ്രാഹം അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജീവ് ഭാസ്‌കർ, പഞ്ചായത്ത് മെമ്പർ ലൈല രമേശ്, വണ്ണപ്പുറം ആപ്‌കോസ് പ്രസിഡന്റ് എം.ടിജോണി, ബോർഡ് മെമ്പർമാരായ തങ്കപ്പൻ തോമ്പ്രയിൽ, സി.വിജോസ്, വി.ജെ. കുഞ്ഞുമോൻ, കെ.കെ.കൃഷ്ണൻകുട്ടി, സിന്ധു ബാലചന്ദ്രൻ, ആലീസ് ജോൺ എന്നിവർ ആശംസകളർപ്പിച്ചു. ഡയറി ഓഫീസർ എം.വി.സുധീഷ് സ്വാഗതവും സംഘം സെക്രട്ടറി ഇന്ദു ചിന്നപ്പൻ നന്ദിയും പറഞ്ഞു.