ഇടുക്കി: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ട്രാഫിക് റെഗുലേഷൻസ് കൃത്യമായി പാലിക്കുന്നതിന് മോട്ടോർവാഹന വകുപ്പ് കർശനനടപടി സ്വീകരിക്കുമെന്ന് തൊടുപുഴ ജോ.റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എം.ശങ്കരൻ പോറ്റി പറഞ്ഞു. കേരളകൗമുദിയും സംസ്ഥാന മോട്ടോർ വാഹനവകുപ്പും സംയുക്തമായി തൊടുപുഴ എ.പി.ജെ.അബ്ദുൾകലാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവത്കരണ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റോഡ് നിയമങ്ങൾ എല്ലാവരും പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എം.വി.ഡി. എൻഫോഴ്സ്മെന്റ് വിംഗ് താമസിയാതെ ജില്ലയിലെത്തും. ഒരു റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം 8 മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്ടുകളായി മുഴുവൻ സമയവും നിരത്തിലുണ്ടാകും. ടീമിന്റെ ആസ്ഥാന തൊടുപുഴയിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ദിവസം ശരാശരി 24 പേർ റോഡ് അപകടങ്ങളിൽ മരിക്കുന്നുണ്ടെന്ന് സെമിനാറിൽ ക്ലാസ് നയിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ആഷാകുമാർ പറഞ്ഞു. അലക്ഷ്യവും അശ്രദ്ധവുമായ ഡ്രൈവിംഗ്, അമിതവേഗത- പ്രത്യേകിച്ച് റോഡിൽ ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുക, സീറ്റ് ബൽട്ട് ധരിക്കാതെ കാറിൽ യാത്രചെയ്യുക, ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് യാത്ര എന്നിവയൊക്കെയാണ് റോഡ് അപകടങ്ങളും നിരത്തിലെ മരണസംഖ്യയും വർദ്ധിക്കുന്നതിന് കാരണം. 18 വയസ് തികയാത്ത കുട്ടികൾ പൊതുസ്ഥലത്ത് വാഹനം ഓടിച്ചാൽ വാഹന ഉടമയ്ക്കെതിരെ കേസ് എടുക്കാൻ നിയമമുണ്ട്. തൊടുപുഴയിലെ ചില സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നത് മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ വരുംദിവസങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾഹാളിൽ നടന്ന സെമിനാർ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ മിനി മധു സെമിനാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.എസ്. ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു. പി.എസ്. സോമനാഥൻ (കേരളകൗമുദി) സ്വാഗതവും സ്കൂൾ ലീഡർ നന്ദിയും പറഞ്ഞു.