വില: 140 - 145

അടിമാലി: പിടിതരാതെ ചിറകടിച്ച് പറന്നുയരുകയാണ് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 140 നടുത്താണ് ജില്ലയിലെ ഇറച്ചികോഴി വില. പത്ത് ദിവസം മുമ്പ് 93 രൂപയായിരുന്ന ഇറച്ചിക്കോഴി വിലയാണ് ജില്ലയിലിപ്പോൾ 138 മുതൽ 142 വരെ എത്തിയിരിക്കുന്നത്. രണ്ടര വർഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയതായിരുന്നു ഇതിനു മുമ്പുള്ള റെക്കോർഡ് ഇറച്ചിക്കോഴി വില. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴി വില പിടിതരാതെ കുതിക്കുകയാണ്.

 പ്രളയാനന്തരം ആവശ്യക്കാർ കൂടി

പ്രളയാനന്തരം കേരളത്തിൽ ആവശ്യക്കാർ കുറഞ്ഞതോടെ തമിഴ്നാട്ടിൽ കോഴിവളർത്തൽ ഗണ്യമായ തോതിൽ ഇടിഞ്ഞു. ഇതോടെ കേരളത്തിലേക്കുള്ള കോഴിവരവും കേരളത്തിലെ ആഭ്യന്തര ഉത്പാദനവും കുറഞ്ഞതാണ് വിലവർധനവിനുള്ള പ്രധാനകാരണമായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഏതാനും ദിവസങ്ങൾക്കൂടി വില ഉയർന്നു നിൽക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

 വിലയ്ക്ക് പിന്നിൽ ഒത്തുകളിയോ ?

കൃത്രിമ ക്ഷാമം സൃഷ്ടിച്ച് തമിഴ്നാട്ടിലെ ഏജന്റുമാരും മൊത്തകച്ചവടക്കാരും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് വിലവർധനവെന്ന ആരോപണവും ഉയരുന്നുണ്ട്. 87രൂപക്ക് ഇറച്ചി വിൽക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശമെങ്കിലും ഇരട്ടിയോടടുത്ത വിലക്കാണ് സംസ്ഥാനവ്യാപകമായിപ്പോൾ കച്ചവടം. ഒരാഴ്ച്ചയിൽ 60 ലക്ഷത്തോളം ഇറച്ചിക്കോഴികൾ കേരളത്തിൽ വിറ്റഴിയുന്നുവെന്നാണ് കണക്ക്.

 ഇടുക്കിയിലെന്താ സ്ഥിതി

പ്രളയത്തെ തുടർന്ന് ഇടുക്കിയിലടക്കമുള്ള നിരവധി കോഴിഫാമുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കർഷകർ ഇറച്ചിക്കോഴി വളർത്തലിൽ നിന്നും പിന്നോക്കം പോകുകയും ചെയ്തിരുന്നു. കോഴിവിലയ്ക്ക് പിന്നാലെ ഹോട്ടലിലെ കോഴിവിഭവങ്ങൾക്കും വില ഉയർത്താനൊരുങ്ങുമ്പോൾ ഇടുക്കിയിൽ ഉൾപ്പെടെ ആഭ്യന്തര ഉത്പാദനം ഉയർത്തിയാൽ മാത്രമേ പ്രതിസന്ധി മറികടക്കാനാകു.