അടിമാലി: ശബരിമലയിൽ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവർത്തിച്ച് മന്ത്രി എം.എ മണി. കല്ലാറുകുട്ടിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി കോപ്പറേറ്റീവ് സൊസൈറ്റി സമാഹരിച്ച ധനസഹായം സർക്കാരിലേയ്ക്കേറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി പുറപ്പെടുവിച്ചത് കേരള സർക്കാരല്ല. ഭരണഘടന ബെഞ്ചാണ്. അത് നടപ്പിലാക്കാതിരിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ച് ഇടതുസർക്കാർ കേരളത്തിൽ ഭരണത്തിലിരിക്കുന്ന സാഹചര്യമാണ്. പുരുഷൻമാർക്ക് വിശ്വാസമാകാമെങ്കിൽ അത് സ്ത്രീകൾക്കുമാകാമെന്നും എല്ലാം ദൈവസൃഷ്ടിയാണെങ്കിൽ പിന്നെ അതിനിടയിൽ മനുഷ്യന്റെ ഇത്തരം ഏർപ്പാടുകൾ എന്തിനാണെന്നും മന്ത്രി ചോദിച്ചു. കല്ലാറുകുട്ടിയിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി കോപ്പറേറ്റീവ് സൊസൈറ്റി സമാഹരിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ഏറ്റ് വാങ്ങി. സംഘത്തിന്റെ പൊതുനന്മ ഫണ്ടും സാലറി ചലഞ്ചിലൂടെ ശേഖരിച്ച തുകയും ചേർത്ത് 3 ലക്ഷം രൂപയാണ് സൊസൈറ്റി മന്ത്രിക്ക് കൈമാറിയത്. സൊസൈറ്റിയുടെ പ്രവർത്തനത്തെ മന്ത്രി പ്രശംസിച്ചു. മണ്ണിടിച്ചിലിൽ വീട് തകർന്ന കത്തിപ്പാറ സ്വദേശി സോമന് മുമ്പ് സൊസൈറ്റി അടിയന്തിര ധനസഹായമായി 25000 രൂപ നൽകിയിരുന്നു. സംഘം സെക്രട്ടറി ചന്ദ്രശേഖര കൈമൾ, പ്രസിഡന്റ് പി ജി പ്രകാശ് എന്നിവർക്കൊപ്പം സൊസൈറ്റി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു.