തൊടുപുഴ:റോഡിലെ കുഴികളിൽ വാഹനങ്ങൾ വീണ് അപകടമുണ്ടാകുന്നതേറുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പ്പെടുന്നതിൽ അധികവും. റോഡുകളെല്ലാം വലിയ ഗർത്തങ്ങളായതോടെ കുഴികളിൽ ചക്രങ്ങൾ ചാടിയുണ്ടാകുന്ന അപകടം മുമ്പൊങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ദേശീയ സംസ്ഥാന പാതകൾ ഉൾപ്പെടെ എല്ലാ റോഡുകളും സഞ്ചാര യോഗ്യമല്ലാതാകുകയാണ്. സംസ്ഥാനത്തെ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലെയും ഒട്ടു മിക്ക പാതകളും തകർന്ന് തരിപ്പണമായി. ടാറിംഗ് പാടെ പൊളിഞ്ഞ് ആഴമേറിയ ഗർത്തങ്ങളായിട്ടും റീടാറിംഗ് നടത്തുവാനോ, കുഴികളടച്ച് അപകടങ്ങൾ നിയന്ത്രിക്കാനോ നടപടിയെടുക്കുന്നില്ല. കാലവർഷവും, പ്രളയവും കടന്നു പോയിട്ടും റോഡുകൾ നന്നാക്കുന്നതിന് നടപടികൾ വൈകുന്നു. ചെറിയ തോതിൽ പൊളിഞ്ഞ പാതകൾ മാസങ്ങൾ കഴിഞ്ഞതോടെ പൂർണ്ണമായി തകർച്ചയിലായി. ദിവസവും റോഡപകടങ്ങൾ കൂടുന്നു. തൊടുപുഴ മേഖലയിലെ പ്രധാന പാതകളെല്ലാം തകർന്നു. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിൽ പലയിടത്തും വലിയ കുഴികളാണ്. നഗരമദ്ധ്യത്തിലെ റോഡുകളിൽ അടുത്തടുത്തുള്ള കുഴികളിൽ ഇരുചക്ര വാ ഹനങ്ങൾ വീണ് അപകടമുണ്ടായിട്ടും കുഴികൾ അടച്ചിട്ടില്ല. മൂവാറ്റുപുഴ റോഡിൽ നിന്നും കാഞ്ഞിര മറ്റം ബൈപ്പാസിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ മുട്ടിയുരമ്മിയും അപകടമുണ്ടാകുന്നുണ്ട്.
വെങ്ങല്ലൂർ ജംഗ്ഷനിൽ നിരവധി കുഴികൾ
വെങ്ങല്ലൂർ സിഗ്നൽജംഗ്ഷനിൽ ടാറിംഗ് പൊളിഞ്ഞ് കൂഴികൾ രൂപം കൊണ്ടിട്ട് മാസങ്ങളായി. തൊടുപുഴ ഭാഗത്തേക്ക് വാഹനങ്ങൾ നിർത്തുന്നിടത്താണ് റോഡുകൾ മോശമായി കിടക്കുന്നത്. എൻ.ടി.പി.സി നിർമ്മിച്ച് പാതകൾ പലയിടത്തും തകർന്നു. തൊടുപുഴ അമ്പലം ബൈപ്പാസിൽ ഹൈടെക് വെയിറ്റിംഗ് ഷെഡിൻെറ് സമീപത്ത് കുഴികളുടെ ഘോഷയാത്രയാണ്. നൂറ്കണക്കിന് യാത്രക്കാർ എറണാകുളം, തൃശുർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക്ബസ് കാത്ത് നിൽക്കുന്നിടത്താണ് കുഴികൾ. ബസുകളുടെ ചക്രങ്ങൾ വൻ ഗർത്തങ്ങളിൽ ചാടിയാണ് ഓടുന്നത്.
ഇനി കാത്തിരിക്കാം
തുലാ വർഷം കടക്കും വരെ
റോഡുകളുടെ ശോച്യവസ്ഥ പരിഹരിക്കാൻ തുലാ വർഷം കഴിയും വരെ കാത്തിരിക്കേണ്ടിവരും. മഴക്കാലം തുടങ്ങിയാൽ റോഡുകളിലേക്ക് അധികൃതർ തിരിഞ്ഞു നോക്കാറില്ല.മഴയെ പഴിച്ച് കൈയോഴിയുന്ന സ്ഥിതിയാണ്. ഇത്തവണ പ്രളയവും റോഡുകളെ തകർത്തു. ഇനി തുലാ മഴ പെയ്തു തിരും വരെ കാത്തിരിക്കണം റോഡുകൾ നന്നാക്കാൻ.
ബൈപ്പാസുകൾക്കും കാലദോഷം
വെങ്ങല്ലൂർ മങ്ങാട്ട് കവല നാലുവരിപ്പാത , കോതായിക്കുന്ന് ,അമ്പലം ,കോലാനി ബൈപ്പാസുകളും പലയിടത്തും തകർന്നു. .ടാറിംഗ് പൊളിഞ്ഞ് കുഴികളായി .നഗരത്തിലെ ഗതാഗതകുരുക്ക് നിയന്ത്രിക്കാനായി പണിത റോഡുകളും തകർച്ചയുടെ പിടിയിലാണ്. തിരക്കേറിയ മാർക്കറ്റ് റോഡും തരിപ്പണമായി .ഇവിടെ കുഴികളില്ലാത്തയിടമില്ല.ഇരുചക്ര വാഹനങ്ങളടക്കം സഞ്ചരിക്കുന്ന പാതയാണിത്.