ഇടുക്കി: ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തനുണർവ്വ് പകർന്ന നീലക്കുറിഞ്ഞി സീസൺ അവസാന ഘട്ടത്തിലേക്ക്. ഇതുവരെ രണ്ട് ലക്ഷത്തിൽ അധികം ടൂറിസ്റ്റുകളാണ് നീലക്കുറിഞ്ഞി സന്ദർശനത്തിനായി എത്തിയിട്ടുള്ളത്. രാജമലയിൽ മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ആളുകൾ സന്ദർശിച്ചു. കൊളുക്കുമലയിൽ ഡി.ടി.പി.സി സെന്റർ മുഖേന അൻപതിനായിരത്തിൽ അധികം ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട്. ടൂറിസം വകുപ്പും വനം വകുപ്പും ഇതര ഡിപ്പാർട്ട്‌മെന്റുകളും ഒട്ടേറെ നടപടികളാണ് നീലക്കുറിഞ്ഞി സീസൺ മുൻപിൽ കണ്ടുകൊണ്ട് നടപ്പിലാക്കിയത്. വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ സ്‌പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. പോർട്ടബിൾ ടോയ്ലറ്റുകൾ കുടിവെള്ളം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തയ്യാറാക്കിയ നീലക്കുറിഞ്ഞി മൊബൈൽ ആപ്ലിക്കേഷൻ സന്ദർശകർക്ക് വിവരങ്ങൾ ലഭിക്കാൻ സഹായകരമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയും ടാക്സി വാഹനങ്ങളും ഇരവികുളത്തേക്ക് സർവ്വീസ് നടത്തുന്നുണ്ട്. ഹൈഡൽ ടൂറിസം, പാർക്കിംഗ് ഗ്രൗണ്ട്, സ്‌പോർട്സ് കൗൺസിൽ ഗ്രൗണ്ട്, പഞ്ചായത്ത് പാർക്കിംഗ് ഗ്രൗണ്ട് എന്നിവ തുടർന്നും ടൂറിസ്റ്റുകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും.നവംബർ ആദ്യവാരത്തോടുകൂടി സ്‌പോർട്സ് കൗൺസിൽ ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. ഹൈഡൽ പാർക്കിൽ ആരംഭിച്ചിട്ടുള്ള പുഷ്പമേള ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്.
പാർക്കിംഗ് ഏരിയ ഇവിടങ്ങളിൽ
പഴയ മൂന്നാറിലെ സ്‌പോർട്സ് കൗൺസിൽ ഗ്രൗണ്ട് പ്രധാനപ്പെട്ട പാർക്കിംഗ് ഏരിയ, ടിക്കറ്റ് കൗണ്ടർ. പ്രളയത്തെ തുടർന്ന് തകർന്ന വിവിധ പാർക്കിംഗ് സ്ഥലങ്ങളുടെ നവീകരണം മൂന്നാറിന് വളരെ പ്രയോജനകരമായിട്ടുണ്ട്. പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാൻ സഹായിച്ചു.
30 ടോയ്ലറ്റുകളും
80 മൂത്രപ്പുരകളും
മൂന്നാറിലെ പബ്ലിക് ടോയ്ലറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ടൂറിസം വകുപ്പ് 30 ടോയ്ലറ്റുകളും 80 മൂത്രപ്പുരകളും മൂന്നാർ കെ.എസ്.ആർ.ടി.സി, മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ളത്.
പൂക്കാലം ഇവിടങ്ങളിൽ
രാജമല, കൊളുക്കുമല, മറയൂർ, വട്ടവട മേഖലകളിലും ടൂറിസ്റ്റുകൾ നീലക്കുറിഞ്ഞി പൂക്കൾ ആസ്വദിക്കുന്നതിനായി എത്തി. ഇരവികുളം നാഷണൽ പാർക്ക്, കൊളുക്കുമല, വട്ടവട എന്നീ സ്ഥലങ്ങളിലാണ് കൂടുതലായി 12 വർഷത്തെ ഇടവേളയിലുണ്ടായ നീലക്കുറിഞ്ഞി പൂക്കാലം ഉണ്ടായത്.
ഇതുവരെ സന്ദർശിച്ചത് - 2 ലക്ഷത്തിലധികം
രാജമലയിൽ മാത്രം 1.20,000 പേർ
നവംബർ പകുതിയോടെ കൗണ്ടറുകൾ അടച്ചേക്കും