lottary
വ്യാജ ലോട്ടറി ടിക്കറ്റ്

അടിമാലി: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജപതിപ്പുണ്ടാക്കി തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ അടിമാലിയിലെ വനിത ലോട്ടറി ഏജന്റ് അടിമാലി പൊലീസിൽ പരാതി നൽകി. സർക്കാരിന്റെ പൗർണ്ണമി ഭാഗ്യക്കുറിയുടെ വ്യാജപ്പതിപ്പാണ് അച്ചടിച്ച് തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച്ചയാണ് അടിമാലി ടൗണിൽ പരാതിക്കാസ്പദമായ സംഭവം നടന്നത്. അടിമാലി ക്ലബ്ബിന് സമീപം രാവിലെ പതിനൊന്നിന് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം വ്യാജ ലോട്ടറിയുമായി വനിത ഏജന്റിനെ സമീപിച്ചു. തുടർന്ന് സമ്മാനാർഹമായ ടിക്കറ്റാണെന്ന് ധരിപ്പിച്ച് 1000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 21ന് നറുക്കെടുപ്പ് നടന്ന ഭാഗ്യക്കുറിയിൽ അവസാനത്തെ 4183ന് 1000 രൂപ സമ്മാനമുണ്ടായിരുന്നു. ഈ നമ്പരിലുള്ള ടിക്കറ്റിന്റെ വ്യാജ കോപ്പി നിർമ്മിച്ചാണ് യുവാക്കൾ തട്ടിപ്പ് നടത്തിയത്. ടിക്കറ്റുമായി ഏജന്റ് അടിമാലിയിലെ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് നൽകിയത് വ്യാജ ലോട്ടറിയാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഇത് സംബന്ധിച്ച് ഏജന്റ് അടിമാലി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വ്യാജലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട സംഘമുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.