medicine
അടിമാലി താലൂക്കാശുപത്രി വരാന്തയിൽ ഇറക്കി വച്ചിരിക്കുന്ന മരുന്ന്‌

അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെത്തുന്ന ജീവൻരക്ഷാ മരുന്നുകൾ അലക്ഷ്യമായി ആശുപത്രി വരാന്തയിൽ ഇറക്കിവയ്ക്കുന്നു. നിലവിൽ മരുന്ന് സൂക്ഷിക്കുന്ന ആശുപത്രിയുടെ ഭാഗമായുള്ള സ്റ്റോറിന്റെ വലിപ്പകുറവാണ് മരുന്നുകൾ വരാന്തയിൽ ഇറക്കിവയ്ക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. ഈർപ്പവും തണുപ്പും ഏറ്റ് ഒന്നോ രണ്ടോ ദിവസങ്ങൾ മരുന്ന് വരാന്തയിൽ ഇരുന്ന ശേഷമാണ് പതിവായി ജീവനക്കാർ അവ സ്റ്റോർ റൂമിലേക്ക് മാറ്റാറ്. അടിമാലി താലൂക്കാശുപത്രിയിലേക്കെത്തുന്ന ജീവൻരക്ഷാ മരുന്നുകൾ വരാന്തയിൽ സൂക്ഷിക്കുന്ന സംഭവം ഇതാദ്യമായല്ല പ്രതിഷേധത്തിനിടവരുത്തുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന സമീപനം സ്വീകരിച്ച ആശുപത്രി അധികൃതരുടെ നിലപാട് വലിയ വിമർശനത്തിന് ഇടവരുത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് ഉടൻ നടപടി കൈകൊള്ളാൻ ശ്രമം നടത്തുമെന്ന് പറയുമ്പോഴും പ്രശ്നം പരിഹാരം അന്തമില്ലാതെ നീളുകയാണ്.

 സ്റ്റോർ റൂമിന് ആശുപത്രിയോളം പഴക്കം

ആശുപത്രിയുടെ തുടക്കക്കാലത്ത് നിർമ്മിച്ച സ്റ്റോർ റൂം തന്നെയാണ് മരുന്നുകൾ ശേഖരിച്ച് വയ്ക്കാൻ ഇപ്പോഴും ഉപയോഗിക്കുന്നത്. മരുന്നുകൾ അധികമായി എത്തുമ്പോൾ നിലവിലെ സ്‌റ്റോർ റൂം നിറഞ്ഞ് കവിയും. ശേഷിക്കുന്ന മരുന്നുകൾ വരാന്തയിൽ ഇറക്കിവയ്ക്കുകയേ സ്‌റ്റോർ റൂം ചുമതലക്കാർക്ക് നിർവാഹമുള്ളു. ഈർപ്പവും തണുപ്പും ഏറ്റ് ഒന്നോ രണ്ടോ ദിവസം മരുന്ന് വരാന്തയിൽ ഇരുന്ന ശേഷം സ്റ്റോർ റൂമിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്കാണ് പതിവായി ജീവനക്കാർ മരുന്നുകൾ സ്റ്റോർ റൂമിലേക്ക് മാറ്റാറ്.

 മുറിയുണ്ട് തുറന്ന് നൽകിയില്ല

ആശുപത്രിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ മരുന്നുകൾ സൂക്ഷിക്കാൻ രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം നടത്താത്തതിനാൽ മുറികൾ തുറന്ന് നൽകിയിട്ടില്ല.

" അടിയന്തര പരിഹാരം വേണം

വിലയേറിയതും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുമായ മരുന്നുകൾ വരാന്തയിൽ സൂക്ഷിക്കുന്ന നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ഇനിയെങ്കിലും നടപടി സ്വീകരിക്കണം.

- രോഗികളും പൊതുജനങ്ങളും

 സ്റ്റോറിന്റെ വലിപ്പകുറവാണ് പ്രതിസന്ധി

'' നിലവിൽ മരുന്ന് സൂക്ഷിക്കുന്ന സ്റ്റോറിന്റെ വലിപ്പകുറവാണ് മരുന്നുകൾ വരാന്തയിൽ ഇറക്കിവയ്ക്കാൻ കാരണമാകുന്നത്. പ്രശ്നപരിഹാരത്തിന് ഉടൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആശുപത്രി അധികൃതർ.