രാജാക്കാട്: വെള്ളതതുവൽ കൊന്നത്തിടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പന്നിയാർകൂട്ടിയിൽ പുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. ഇവിടെ ഉണ്ടായിരുന്ന വള്ളക്കടവ് നടപ്പാലം പ്രളയത്തിൽ തകർന്നതോടെ ദുരിതമനുഭിവിക്കുകയാണ് പോത്തുപാറ എല്ലക്കൽ പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങൾ. ഇതുവഴിയുള്ള പൂപ്പാ കല്ലാർകൂട്ടി മലയോര ഹൈവേയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. നടപാലം തകർന്നതിനെത്തുടർന്ന് നാട്ടുകാർ തന്നെ താൽക്കാലികമായി മുളയും മറ്റുമുപയോഗിച്ച് അക്കരെയിക്കരെ കടക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. അപകടകരമായ ഇതിലൂടെയാണ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പന്നിയാർകൂട്ടിയിൽ എത്തുന്നത്.
18വർഷം മുമ്പ് കോൺക്രീറ്റ് നടപ്പാലം
നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യത്തിനൊടുവിൽ 18വർഷം മുമ്പാണ് ഇവിടെ കോൺക്രീറ്റ് നടപ്പാലം നിർമ്മിച്ചത്. അതുവരെ കടത്തുവള്ളത്തെ ആശ്രയിച്ചായിരുന്നു ജനങ്ങൾ പുറം ലോകവുമായി ബന്ധപ്പെട്ടിരുന്നത്. ഒരു മീറ്റർ മാത്രം വീതിയുള്ള നടപ്പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ മാത്രമെ കടത്തിക്കൊണ്ട് പോകുവാൻ സാധിക്കുകയുള്ളു. എല്ലാത്തരം വണ്ടികളും കടന്നുപോകുംവിധം പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഇതേത്തുടർന്ന് മലയോര ഹൈവേയിൽ ഉൾപ്പെടുത്തി കല്ലാർകൂട്ടി പൂപ്പാറ പുതിയ റോഡ് നിർമ്മിക്കുന്നതിന് 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. റോഡിനൊപ്പം പാലവും നിർമ്മിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോളും സർവ്വേ പോലും നടത്തിയിട്ടില്ല.
പദ്ധതി യാഥാർത്ഥ്യമായാൽ
നിർദ്ദിഷ്ട മലയോര ഹൈവേ യാധാർത്ഥ്യമായാൽ ഏറ്റവും കുറഞ്ഞ ദൂരത്തിൽ കട്ടപ്പനയിൽ എത്തിച്ചേരുവാൻ കഴിയും. അടിമാലി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നും കട്ടപ്പനക്ക് 90കിലോമീറ്ററോളം യാത്രചെയ്യണം. എന്നാൽ ഈ പാത നിർമ്മിച്ചാൽ ഇത് 55കിലോമീറ്ററായി കുറയുഇം. ജില്ലാ ആസ്ഥാന ഉൾപ്പെടെയുള്ള മേഖലകളിലേയ്ക്കും കുറഞ്ഞ ദൂരത്തിലും,സമയംകൊണ്ടും ജനങ്ങൾക്ക് എത്തിച്ചേരാനാകും. റോഡിന്റെ അഭാവം മൂലം എല്ലക്കൽ, പോത്തുപാറ അടക്കമുള്ള മേഖലകളിൽ ഉള്ളവർ കിലോമീറ്ററുകൾ ചുറ്റി സഞ്ചിരിച്ചാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്.