മറയൂർ: ശിലായുഗസ്മാരകമായി പ്റഖ്യാപിച്ചിട്ടുള്ള മറയൂരിലെ മുനിയറകൾ സംരക്ഷിക്കുമെന്ന പുരാവസ്തുവകുപ്പിന്റെ വാഗ്ദാനം രണ്ടുവർഷമായിട്ടും നടപ്പാക്കിയില്ല. 2016 ഒക്‌ടോബറിലാണ് ആർക്കിയോളജിക്കൽ ഡയറക്ടർ റെജി കുമാറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ മറയൂർ മേഖല സന്ദർശിച്ച് മുനിറകൾ സംരക്ഷിക്കുന്നതിന് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചത്. കോട്ടിഘോഷിച്ച് നടത്തിയ സന്ദർശനം രണ്ടുവർഷം പൂർത്തിയാക്കുന്ന ഈ ഒക്ടോബർ വരെ മുനിയറകളുടെ സംരക്ഷണത്തിന് കാര്യമായ പദ്ധതികളൊന്നും നടപ്പിലായിട്ടില്ലെന്നുമാത്രമല്ല, അന്നുണ്ടായിരുന്ന ചില മുനിറയകൾ കൂടി രണ്ടുവർഷത്തിനകം നശിക്കുകയും ചെയ്തു. സ്ഥലപരിചയമോ പുരവസ്തുസ്മാരകങ്ങളെക്കുറിച്ച് അടിസ്ഥാന വിവരങ്ങളോ ഇല്ലാത്ത രണ്ട് വാച്ചർമാരെ സംരക്ഷകരായി നിയമിച്ചത് മാത്രമാണ് ഇതുവരെയുള്ള ഏകനടപടി. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സാംസ്‌കാരികമായി ഉന്നതനിലവാരം പുലർത്തിയിരുന്ന ജനത ഇവിടെ വസിച്ചിരുന്നു എന്നതിന്റെ കൂടി തെളിവാണ് മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളും. അർഹിക്കുന്ന ഗൗരവത്തോടെ സംരക്ഷിക്കപ്പെടുന്നില്ല എന്നതുകൊണ്ട് ആർക്കും എന്തുമാകാമെന്ന മട്ടിലാണ് ഇവിടുത്തെ കാര്യങ്ങൾ. കാഴ്ചകാണാൻ എത്തുന്നവർ കണ്ടതൊക്കെ നശിപ്പിച്ചിട്ട് പോയാലും ചോദിക്കാൻ ആരുമില്ല. രണ്ട് വർഷം മുമ്പുവരെ എണ്ണത്തിൽ ആയിരങ്ങളുണ്ടായിരുന്ന മുനിയറകൾ ഇപ്പോൾ നൂറിലും താഴെയായി ചുരുങ്ങിയിരിക്കുകയാണ്.
2006 ലാണ് മറയൂരിലെ മുനിയറകൾ സംരക്ഷിത പുരാവസ്തു സ്മാരകങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. അതോടെ ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്ന തോന്നൽ നാട്ടുകാർക്കുമുണ്ടായി. എന്നാൽ മുമ്പൊരിക്കലും ഇല്ലാത്തവിധം സമീപകാലത്ത് മുനിയറകൾ നശിപ്പിക്കപ്പെടുകയാണ്. പുരാവസ്തു വകുപ്പ് കാര്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അധികം വൈകാതെ മറയൂരിലെ മുനിയറകൾ ഓർമ്മ ചിത്രങ്ങളായി മാറും.
ആയിരത്താണ്ടുകളുടെ പഴക്കം
ഈ ഗുഹാചിത്രങ്ങൾക്ക് 5000 മുതൽ 7000 വർഷംവരെ പഴക്കമുണ്ടെന്നാണ് പുരാവസ്തുവകുപ്പ് മുൻ സൂപ്രണ്ടിങ്ങ് ആർക്കിയോളാജിസ്റ്റ് ഡോ.പത്മനാഭൻ തമ്പി രേഖപ്പെടുത്തിയിരിക്കുന്നത്. ആയിരകണക്കിന് വർഷങ്ങൾ അതിജീവിച്ച പുരാവസ്തുക്കളുടെ ലോകചരിത്രത്തിലെ പ്രാധാന ഏടുകളാണ് മറയൂരിലെ മുനിയറകളും ഗുഹാചിത്രങ്ങളുമെന്നാണ് പത്മനാഭൻതമ്പിയുടെ നിഗമനം.
6000 ൽ അധികം ഉണ്ടായിരുന്നു
മറയൂർ- കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ കാണപ്പെടുന്ന മുനിയറകളുടെ ചരിത്രം 1967 ട്രാവൻകൂർ സ്റ്റഡീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കോവിൽക്കടവ് ഭാഗത്ത് പാമ്പാറിന്റെ തീരങ്ങൾ, കോട്ടക്കുളം , മുരുകൻമല എന്നിവടങ്ങളിലായി ആറായിരത്തിലധികം മുനിയറകൾ ഉള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശവകുടീരങ്ങൾ...?
വർഷങ്ങൾക്ക് മുമ്പ് ഗ്രോത്രജനത ശവസംകാരം നടത്തുന്നത് മുനിയറകളിലായിരുന്നുവെന്നാണ് പുരവസ്തു ഗവേഷകരുടെ അഭിപ്രായം. ബ്രിട്ടണിലെ സ്റ്റോൺ ബഞ്ചുകൾക്കും ഇതേ കാലപ്പഴക്കവും സമാനമായ മാതൃകയുമാണ്. സ്റ്റോൺ ബഞ്ചുകളും മരണാന്തര സ്മാരകങ്ങളാണ്. മരണപ്പെടുന്ന വ്യക്തി ഉപയോഗിച്ചിരുന്ന വസ്തുക്കൾ വലിയ മൺപാത്രങ്ങളിലാക്കി മൃതദേഹത്തോടൊപ്പം മണ്ണിനടിയിൽ ഇറക്കിവച്ചശേഷമാണ് മുകളിൽ പാറകൾ കൊണ്ട് വീടിന്റെ മാതൃകയിൽ മുനിയറകൾ നിർമ്മിച്ചിരുന്നത്.
പ്രധാനവെല്ലുവിളികൾ
1. കൃഷിപ്പണിയിൽ ഏർപ്പെടുമ്പോൾ മണ്ണിനടയിൽ നിന്ന് കണ്ടെത്തുന്ന മുനിയറകളും നന്നങ്ങാടികളും (വലിയ മൺകുടങ്ങൾ) നശിപ്പിച്ചുകളയുന്നു.
2. പാറക്കെട്ടുകളോട് ചേർന്നുള്ള മുനിയറകൾ കാട്ടുതീയിൽ കേടുപാട് സംഭവിച്ച് കാലക്രമേണ നശിക്കുന്നു.
3. കാഴ്ചാക്കരായി എത്തുന്നവരിലെ സാമൂഹ്യവിരുദ്ധർ നിഷ്കരുണം നശിപ്പിക്കുന്നു.