ചെറുതോണി: ചെറുതോണി ടൗണിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുവാൻ കംഫട്ട് സ്റ്റേഷൻ ഇല്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്ത്വത്തിൽ ജനകീയ സമതി ആരംഭിച്ച കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം പഞ്ചായത്ത് അധികൃതർ തടഞ്ഞു. നിർമ്മാണ നിരോധിത മേഖലയെന്ന പേരിലാണ് അധികൃതരുടെ നടപടി. ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്നുണ്ടായ വെള്ളപൊക്കത്തിലാണ് ചെറുതോണിയിലെ താത്ക്കാലിക ബസ് സ്റ്റാന്റും കംഫർട്ട് സ്റ്റേഷനും ഉൾപ്പെടെ ഒഴുകി പോയത്. രണ്ടര മാസം പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുവാൻ അധികൃതർ തയ്യാറായില്ല. ഇതോടെ ടൗണിലെത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറെ ബുദ്ധിമുട്ടുകയാണ്. ചെറുതോണി ടൗണിൽ ദിവസേന വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും യാത്രക്കാരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. കംഫർട്ട് സ്റ്റേഷൻ നഷ്ടപ്പെട്ടിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും ത്രിതല പഞ്ചായത്ത് പ്രതിനിധികളോ, ജില്ലാ ഭരണകൂടമോ കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ തയ്യാറായില്ല. കംഫർട്ട്‌സ്റ്റേഷൻ നിർമിക്കണമെന്നാവശ്യപ്പെട്ട് വ്യാാപരികളും യാത്രക്കാരും നാട്ടുകാരും നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ താലകാലിക സൗകര്യമൊരുക്കുന്നതിന് ഇന്നലെ നിർമാണം ആരംഭിച്ചു. എന്നാൽ ഉച്ചയോടെ ഗ്രാമപഞ്ചായത്ത് അധികൃതർ എത്തി നിർമാണം തടയുകയായിരുന്നു. തടയാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ ചെറുതോണി നിർമ്മാണ നിരോധിത മേഖലയാണന്നും ഹൈക്കോടതി നിർമാണം നിരോധിച്ചിട്ടുള്ളതിനാലാണ് നിർമാണം തടഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്ഥലം നൽകിയാൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു. 50 വർഷത്തിന് മുകളിൽ പഴക്കമുണ്ട് ചെറുതോണി ടൗണിന്. നിരോധന ഉത്തരവിന്റെ പേരിൽ ടൗണിൽ നിർമ്മാണങ്ങൾ തടയുമ്പോൾ സാധാരണ ജനങ്ങൾ വലയുകയാണ്. വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രധിഷേധത്തെ തുടർന്ന് അധികൃതർ മടങ്ങി.