തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തിൽ 28 ന് വൈകിട്ട് 5 ന് ''ഔഷധ സസ്യങ്ങളുടെ പ്രാധാന്യം നിത്യ ജീവിതത്തിൽ" എന്ന വിഷയത്തിൽ ഡോ. ബേബി ജോസഫ് (മാനേജർ, നാഗാർജ്ജുന ആയുർവേദിക്) പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടർ ഫാ. ഷിന്റോ കോലത്തുപടവിൽ അറിയിച്ചു.

ആചാരാനുഷ്ടാനങ്ങൾ നിലനിർത്തണം

തൊടുപുഴ: ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്‌ഠാനങ്ങൾ അതേപടി നിലനിർത്തണമെന്ന് കേരളാ വെള്ളാള മഹാസഭ കുടയത്തൂർ വെസ്റ്റ് ഉപസഭ ആവശ്യപ്പെട്ടു.

ജില്ലാ സബ്ജൂനിയർ ഹാന്റ്ബാൾ ചാമ്പ്യൻഷിപ്പ്

തൊടുപുഴ: ഇടുക്കി ജില്ലാ സബ് ജൂനിയർ ഹാന്റ്ബാേൾ ചാമ്പ്യൻഷിപ്പ് 28 ന് രാവിലെ 9 ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 1-1-2003 ന് ശേഷം ജനിച്ചവർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഈ ചാമ്പ്യൻഷിപ്പിൽ നിന്നും നവംബർ 17 മുതൽ 19 വരെ ചാലക്കുടിയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാം. ഫോൺ: 9645006080.

കൃഷി ഓഫീസറെ നിയമിക്കണം

ആലക്കോട്: ആലക്കോട് കൃഷി ഭവനിൽ നിലവിലുണ്ടായിരുന്ന കൃഷി ഓഫീസർ സ്ഥലം മാറിപ്പോയ ഒഴിവിലേക്ക് കൃഷി ഓഫീസറെ നിയമിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ആലക്കോട് മണ്ഡലം പ്രസിഡന്റ് ടോമി കാവാലം ആവശ്യപ്പെട്ടു. ഇപ്പോൾ പദ്ധതി പ്രവർത്തനങ്ങളെല്ലാം താറുമാറായി കിടക്കുകയാണ്. അതിനാൽ എത്രയും വേഗം കൃഷി ഓഫീസറെ നിയമിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ചെമ്മനം ചാക്കോയെ അനുസ്മരിച്ചു

തൊടുപുഴ: മണക്കാട് ദേശസേവിനി വായനാ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വായന ശാലയിൽ ചേർന്ന പുസ്തകാസ്വാദന സദസ് ചെമ്മനം ചാക്കോയേയും അദേഹത്തിന്റെ കൃതികളേയും അനുസ്മരിച്ചു. സി.കെ.ദാമോദരൻ, കെ.ശിവരാമൻ നായർ, സി.സി ബേബിച്ചൻ എന്നിവർ വിഷയാവസരണം നടത്തി.

പ്രവർത്തക ക്യാമ്പ്

തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക ക്യാമ്പ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം എസ്.ജി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസി‌ഡന്റ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു.

ക്യാമ്പുകൾ നടത്താം

തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽ-അസ്ഹർ ഡെന്റൽ കോളേജിൽ പൊതുജന ദന്താരോഗ്യ വിഭാഗം സൗജന്യ ദന്തരോഗ നിർണ്ണയ ചികിത്സാ ക്യാമ്പുകൾ, ബോധവൽക്കരണ ക്ളാസുകൾ, സെമിനാറുകൾ എന്നിവ പൊതുജനങ്ങൾക്കായി നടത്തിവരുന്നു. ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ ഡെന്റൽ കോളേജുമായി ബന്ധപ്പെടണം. ഫോൺ: 04862-224366.

അറിയിപ്പ്

പുറപ്പുഴ: പുറപ്പുഴ കൃഷി ഭവനിൽ നിന്നും നിലവിൽ കർഷക പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർക്ക് തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി തങ്ങളുടെ ബാങ്ക് പാസ് ബുക്ക് കോപ്പി, വരുമാന സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി എന്നിവയുമായി 31 ന് മുമ്പ് കൃഷിഭവനിൽ നൽകണമെന്ന് അഗ്രികൾച്ചർ ഓഫീസർ അറിയിച്ചു.

കുടുംബമേള

കുടയത്തൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ കുടയത്തൂർ യൂണിറ്റ് കുടുംബ മേള 27 ന് രാവിലെ 10 മുതൽ കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. പ്രസി‌ഡന്റ് സി.എസ്. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചൻ ഉദ്ഘാടനം ചെയ്യും.

സൗജന്യ പി.എസ്.സി പരിശീലനം

കുടയത്തൂർ: ഡോ. കലാം യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 31 ന് മുമ്പായി കലാം യൂത്ത് ഫോറവുമായി ബന്ധപ്പെടണം.

ജനറൽ ബോഡിയോഗം

തൊടുപുഴ: കേരളാ പത്രപ്രവർത്തക യൂണിയൻ ഇടുക്കി യൂണിറ്റ് ജില്ലാ ജനറൽ ബോഡിയോഗം 27 ന് രാവിലെ 11 ന് തൊടുപുഴ പ്രസ്സ് ക്ളബ് ഹാളിൽ ചേരും. പ്രസിഡന്റ് അഷറഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിക്കും.