രാജാക്കാട്: നെടുങ്കണ്ടം യൂണിയൻ ബാങ്കിലെ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ പ്രവർത്തന രഹിതം. നിരവധി ഉപഭോക്താക്കൾക്ക് ഗുണകരമായിരുന്ന മെഷീൻ പ്രവർത്തന രഹിതമായിട്ടും നടപടി സ്വീകരിയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഉപഭോക്താക്കൾക്ക് ക്യൂ വിൽ നിൽക്കാതെ മെഷീൻ വഴി നേരിട്ട് പണം നിക്ഷേപിയ്ക്കുന്നതിനുള്ള സൗകര്യമാണ് ബാങ്കുകളിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി സജ്ജമാക്കിയിരിക്കുന്നത്. പണം നിക്ഷേപിയ്ക്കുന്നതിനുള്ള സമയം കഴിഞ്ഞെങ്കിലും ബാങ്ക് പ്രവർത്തന സമയം വരെ മെഷീനിലൂടെ പണം നിക്ഷേപിയ്ക്കാൻ സ്ഥാപിയ്ക്കും. വ്യാപാരികൾ അടക്കമുള്ളവർക്ക് ഏറെ ഗുണകരമാണിത്. നീണ്ട ക്യൂവിൽ നിൽക്കാതെ വേഗത്തിൽ പണം നിക്ഷേപിച്ച് മടങ്ങാൻ സാധിയ്ക്കും. നെടുങ്കണ്ടത്ത് നിലവിൽ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ ഉള്ളത് യൂണിയൻ ബാങ്ക് ശാഖയിൽ മാത്രമാണ്. മറ്റ് പ്രധാന ബാങ്കുകളുടെ ശാഖകൾ ടൗണിലുണ്ടെങ്കിലും അവിടെയൊന്നും ഈ സൗകര്യം ലഭ്യമല്ല. എന്നാൽ ഏതാനും മാസങ്ങളായി മെഷീൻ പ്രവർത്തന രഹിതമാണ്. ഇത് പ്രവർത്തന രഹിതമായതോടെ വ്യാപാരികൾക്ക് സ്ഥാപനം അടച്ചിട്ടോ ജോലി സമയം നഷ്ടപെടുത്തിയോ പണം നിക്ഷേപിയ്ക്കാൻ സമയം കണ്ടത്തേണ്ട അവസ്ഥയാണുള്ളത്. എത്രയും വേഗം പ്രവർത്തന സജ്ജമായ ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിയ്ക്കണമെന്നും മറ്റ് ബാങ്കുകളുടെ ശാഖകളിലും ഈ സേവനം ആരംഭിയ്ക്കുവാൻ നടപടി സ്വീകരിയ്ക്കണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം.