തൊടുപുഴ: പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ കോളേജിൽ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ജൂനിയർ സീനിയർ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ലോ കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും എസ്.എഫ്.ഐ. പ്രവർത്തകരുമായ റഫ്ഷാദ് (19), ദിൽഷാദ് (20), നാലാം വർഷ വിദ്യാർഥിയും കെ.എസ്.യു. പ്രവർത്തകനുമായ മുഹമ്മദ് സൽമാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരും തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് സൽമാന് സാരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് സംഭവം. റാഗിങിനെതിരെ പരാതി നൽകാൻ ശ്രമിച്ചതിന് തങ്ങളെ മർദിക്കുകയായിരുന്നു എന്നാണ് ഒന്നാം വർഷ വിദ്യാർഥികളും എസ്.എഫ്.ഐ പ്രവർത്തകരുമായ റഫ്ഷാദും ദിൽഷാദിന്റെയും പരാതി. സാമൂഹിക മാധ്യമങ്ങളിലെ പരാമർശങ്ങളുടെ പേരിൽ എസ്.എഫ്.ഐ. പ്രവർത്തകർ സംഘടിച്ചെത്തി തന്നെ മർദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായ മുഹമ്മദ് സൽമാനും പറയുന്നു. മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തലയ്ക്കും മുഖത്തും സാരമായി പരിക്കേല്പിക്കുകയും ചെയ്തതായാണ് പരാതി. എന്നാൽ കഴിഞ്ഞ ദിവസം മുഹമ്മദ് സൽമാന്റെ നേതൃത്വത്തിലുള്ളവർ തങ്ങളെ മർദിച്ചിരുന്നുവെന്നും പ്രിൻസിപ്പലിന് പരാതി നൽകാൻ പോയപ്പോൾ നാലാം വർഷ വിദ്യാർഥികൾ സംഘടിച്ചെത്തി വീണ്ടും മർദിക്കുകയായിരുന്നെന്ന് പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകരും പറഞ്ഞു. ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭത്തിൽ കെ.എസ്.യു. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളായ എസ്.എഫ്.ഐ. പ്രവർത്തകരെ പുറത്താക്കണമെന്ന് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.റാഗിംഗിനെതിരെ പരാതി നൽകാൻ ഒരുങ്ങിയ വിദ്യാർഥികളെ കെ.എസ്.യു പ്രവർത്തകർ മർദിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റ് ലിനു ജോസ് പറഞ്ഞു.