തൊടുപുഴ: കൊറിയർ വഴി ജാർഖണ്ഡിന് കഞ്ചാവ് അയക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലിസ് പിടിയിലായി. തൊടുപുഴ കോലാനി സ്വദേശി അഖിൽ ഉണ്ണി (19) ആണ് അറസ്റ്റിലായത്. തൊടുപുഴ പൊലിസ് സ്‌റ്റേഷന് മൂന്നിലെ വി.ബി. കൊറിയർ സെന്ററിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംശയം തോന്നിയ കൊറിയർ ഓഫീസിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ നിന്ന് എസ്.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കവറിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. സംസ്ഥാനത്ത് കൊറിയർ വഴി അയച്ച മയക്കുമരുന്നുകൾ അടുത്തിടെ പിടികൂടിയിരുന്നു. ഇടുക്കിയിൽ നിന്നുള്ള ആദ്യ കേസാണിത്.