ചെറുതോണി: വണ്ണപ്പുറം ചേലച്ചുവട് റോഡ് നിർമ്മാണത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡരുകിൽ ഇറക്കിയ ടാറും അനുബന്ധ സാമഗ്രികളും നശിക്കുന്നു. ഒന്നര മാസം മുൻപാണ് എഴുപത് ലക്ഷം രൂപാ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചത്. ഏറെ പ്രക്ഷോഭങ്ങൾക്ക് ഒടുവിലായിരുന്നു ഈ നടപടി. എന്നാൽ റോഡരുകിൽ രണ്ട് സ്ഥലത്തായി വീപ്പകൾ ഇറക്കി വച്ചതല്ലാതെ നവീകരണങ്ങൾക്ക് നടപടി ഇല്ലാ. റോഡിന്റെ വശങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന ടാറും, റാപ്പിഡ് സെറ്റിംഗ്സും മറിഞ്ഞ് വീണ് കനത്ത വെയിലിൽ ഉരുകി ഒഴുകുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റോഡ് നിർമ്മാണം വൈകിക്കുന്നതും ടാറും മറ്റ് സാമഗ്രികളും നശിക്കുവാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഹൈറേഞ്ചിന്റെ പ്രധാന പാത
ഹൈറേഞ്ചിൽ കാലവർഷ കെടുതി മൂലം പുറം ലോകവുമായി ബന്ധപെടാൻ ആളുകൾ തെരഞ്ഞെടുത്തത് ഈ റോഡായിരുന്നു. ആലപ്പുഴ മധുര ദേശിയ പാതയുടെ ഭാഗമാണ് ഈ റോഡെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും ദേശീയ പാതാ അധികൃതർ ഈ റോഡ് ഏറ്റെടുത്തിട്ടല്ല. റോഡ് പൂർണ്ണമായും തകർന്നതോടെ സ്വകാര്യ ബസുകളിൽ പലതും ഇതുവഴിയുള്ള സർവ്വീസ് അവസാനിപ്പിച്ചിരുന്നു. തകർന്നു കിടക്കുന്ന റോഡിൽ ബസുകൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നതും പതിവാണ്. നാട്ടുകാർ നിരവധി തവണ സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ തിരിഞ്ഞ് നോക്കാറില്ല എന്നും ആക്ഷേപമുണ്ട്.