അടിമാലി: പ്രളയബാധിതർക്ക് തണലൊരുക്കാൻ ഇടമൊരുക്കി അടിമാലി മച്ചിപ്ലാവ് അസിസി ദേവാലയം. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായ 7 കുടുംബങ്ങൾക്ക് വീട് വച്ച് നൽകാനുള്ള 50 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകാനാണ് പള്ളി കമ്മറ്റിയുടെ തീരുമാനം. ദേവാലയത്തിന് സമീപമുള്ള പള്ളിയുടെ പുരയിടമാണ് ദുരിതബാധിതർക്കായി വിട്ട് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ദൈവത്തിന്റെ കരുതൽ ചിലപ്പോഴൊക്കെ മനുഷ്യകരങ്ങളുടെ രൂപത്തിലെത്തുമെന്ന് വിശ്വസിക്കുന്നയാളാണ് അടിമാലി മച്ചിപ്ലാവ് അസീസി പള്ളിവികാരി ഫാ ജെയിംസ് മാക്കിയിൽ. പ്രളയബാധിതർക്ക് തണലൊരുക്കാമെന്ന പള്ളി വികാരിയുടെ ആശയത്തോട് പള്ളി കമ്മറ്റിയും ഇടവകാംഗങ്ങളും യോജിച്ചതോടെയാണ് പ്രളയം കവർന്ന ഏഴ് കുടുംബങ്ങളുടെ ജീവിതം വീണ്ടും തളിരിടാനൊരുങ്ങുന്നത്. പള്ളിയോട് ചേർന്നുള്ള 50 സെന്റ് പട്ടയ ഭൂമി 7 കുടുംബങ്ങൾക്ക് വീടു വയ്ക്കാനായി ഇടവക വിട്ട് നൽകും.അടിമാലി മേഖലയിൽ പ്രളയാനന്തരം വീടും ഭൂമിയും ഇല്ലാതായവർക്ക് താങ്ങാകുകയാണ് പള്ളിയുടെ ലക്ഷ്യം. ഇതിനോടകം പതിനഞ്ചോളം അപേക്ഷകൾ പള്ളികമ്മറ്റിക്ക് മുമ്പിൽ ലഭിച്ചിട്ടുണ്ട്.അർഹരായവരെ കണ്ടെത്തിയാകും തുടർ നടപടികളുണ്ടാകുക.സൗജന്യമായി നൽകുന്ന ഭൂമിയിൽ വീട് വച്ച് നൽകാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ ഇടവകയ്ക്കില്ല. വീട് നിർമ്മിച്ച് നൽകാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകളുടെ ഇടപെടൽ ഇടവക പ്രതീക്ഷിക്കുന്നുണ്ട്. അടിമാലിയിൽ വീടും ഭൂമിയും നഷ്ടമായവർക്ക് സർക്കാർ നൽകുമെന്നറിയിച്ച തുക ഉപയോഗിച്ച് പള്ളിവക ഭൂമിയിൽ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുമായി മുമ്പോട്ട് വന്നാലും സ്വാഗതം ചെയ്യുമെന്ന് പള്ളിവികാരി ഫാ ജെയിംസ് മാക്കിയിൽ പറഞ്ഞു. തങ്ങളേക്കൊണ്ടാകും വിധം അശണർക്ക് ആശ്രയമാകാൻ സാധിച്ചതിന്റെ ചാരുതാർത്ഥ്യത്തിലാണ് ഇടവകയും ഇടവകാംഗങ്ങളും.