തൊടുപുഴ: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് കേരള മനസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് പിണറായി വിജയന്‍ അധികാരത്തിലെത്തിയശേഷം കേരളത്തിൽ നടക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാധാനപരമായി പരിഹരിക്കേണ്ട വിഷയങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കലുഷിതമാക്കുകയാണ്. ആളുകള്‍ തമ്മില്‍ വിയോജിപ്പ് ഉണ്ടാക്കുന്ന പ്രസംഗങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളും മുഖ്യമന്ത്രി സ്വന്തം പേരില്‍ കുറിച്ചിടുന്നത്. അവര്‍ണ-സവര്‍ണ വ്യത്യാസത്തെക്കുറിച്ച് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടാകുന്ന അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാന്‍ മുഖ്യമന്ത്രി തന്നെ വഴിമരുന്നിടുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രി എന്ന പരിരക്ഷയില്‍ കേസ് വരാതെ രക്ഷപ്പെടുകയാണ് പിണറായി വിജയനെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷത്തെ കലക്കുന്ന ശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രത്യക്ഷ സമരപരിപാടികള്‍ നടത്തും. ഇതിന്റെ ഭാഗമായി ജനകീയമാര്‍ച്ച് തൊടുപുഴയില്‍ നവംബര്‍ ഒന്‍പതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പത്താം തീയതി രാവിലെ തൊടുപുഴയില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പദയാത്ര പാലായില്‍ സമാപിക്കും. ഏറ്റുമാനൂര്‍,കോട്ടയം,ചങ്ങനാശ്ശേരി, ഇരവിപേരൂര്‍ എന്നിവിടങ്ങില്‍ പര്യടനം നടത്തി ആറാം ദിവസം പത്തനംതിട്ടയില്‍ സമാപിക്കും. ഇതോടൊപ്പം തന്നെ തിരുവനന്തപുരത്തുനിന്നും കെ.മുരളീധരന്റെ നേതൃത്വത്തിലും ആലപ്പുഴയില്‍ നിന്നും പദയാത്രകള്‍ പത്തനംതിട്ടയിലെത്തും. മലബാര്‍ ജില്ലകളില്‍ ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തില്‍ പാലക്കാട്ടുനിന്നും കാസര്‍കോട് നിന്നും കെ.സുധാകരന്റെ നേതൃത്വത്തിലും വാഹനപ്രചരണജാഥ നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.