തൊടുപുഴ: പെരിയാറിന്റെ തീരത്തെ ഇപ്പോഴുള്ള പഞ്ചായത്ത് പൊതുശ്മശാനം നവീകരിച്ച് ഗ്യാസിൽ പ്രവർത്തിക്കുന്ന ക്രമിറ്റോറിയം വേണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥലമുണ്ടെങ്കിലും കാടുകയറി ശോച്യാവസ്ഥയിലായ നിലവിലെ ശ്മശാനം പരിമിതമായ സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഇടുക്കി - എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടെ എല്ലാവിധ ആധുനിക സംവിധാനമുള്ള ശ്മശാനമെന്ന ആവശ്യം ഉയർന്നിട്ട് അഞ്ച് വർഷം കഴിഞ്ഞു. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഇടുക്കി ജില്ലയുടെ സമീപപ്രദേശങ്ങളിൽ നിന്നും ഇപ്പോൾ തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ആധുനിക ശ്മശാനങ്ങളിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടു പോകുന്നത്. രണ്ടും മൂന്നും സെന്റ് സ്ഥലമുള്ളവരും കോളനി നിവാസികളുമാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. അഞ്ചാം മെയിൽ ആദിവാസി കോളനി, മണിമരുംതും ചാൽ ലക്ഷം വീടുകൾ ഉൾപ്പെടെ നിരവധി കോളനികളിലായി നൂറുകണക്കിന് താമസക്കാരുണ്ട്. സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നുള്ള ആദിവാസികൾക്ക് ഇവിടെ ഭൂമി നൽകി പുനരധിവസിപ്പിച്ചിട്ടുണ്ട്. അടുത്തടുത്ത് വീടുകൾ വെച്ച് താമസിക്കുന്നവരാണ് ഏറെയും. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും സൗകര്യം കുറവാണ്. പൊലുഷൻ ഇല്ലാതെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ക്രമിറ്റോറിയം സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
7.5 ലക്ഷം രൂപ വേണം
ഗ്യാസിൽ പ്രവർത്തിപ്പിക്കുന്ന രണ്ട് ഫർണസുള്ള ക്രമിറ്റോറിയം സ്ഥാപിക്കാൻ 7.5 ലക്ഷം രൂപ വേണ്ടിവരും. ഇത് സ്ഥാപിക്കുന്ന സ്ഥലത്തു നിന്നും താമസമുള്ള പ്രദേശത്തേക്ക് അൻപത് മീറ്റർ ദൂരപരിധിയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 25 മീറ്ററായി സർക്കാർ കുറച്ചു. കെട്ടിടത്തോടൊപ്പം ചുറ്റുമതിലും പാർക്കിംഗ് സൗകര്യവും ഒരുക്കണം.
കടമ്പകൾ
ജനവാസ കേന്ദ്രത്തിൽ നിന്നും ദുരപരിധി പാലിക്കുന്നതിനൊപ്പം ക്രമിറ്റോറിയം സ്ഥാപിക്കാൻ നിരവധി കടമ്പകളും കടക്കണം. ജില്ലാ കളക്ടറുടെ അനുമതി, ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്, പൊലൂഷൻ കൺട്രാൾ ബോർഡിന്റെ അനുമതിയും ആവശ്യമാണ്.
സംയുക്ത സംരംഭമായി
സ്ഥാപിക്കാൻ പരിഗണിക്കും
ക്രമിറ്റോറിയം സ്ഥാപിക്കണമെന്ന് ആവശ്യം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ സൗമ്മ്യ ശശി പറഞ്ഞു. ഗ്രാമ പഞ്ചായത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയും. പഞ്ചായത്ത് മുന്നോട്ട് വന്നാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകുന്നത് പരിഗണിക്കും. ഗ്രാമ പഞ്ചായത്തും പദ്ധതിക്ക് ഫണ്ട് നീക്കിവെയ്ക്കണം. നേര്യമംഗലത്ത് ആധുനിക സ്മശാനം അനിവാര്യമാണെന്നും സൗമ്യ ശശി വ്യക്തമാക്കി.