രാജാക്കാട്: വർഷങ്ങങ്ങളായി പാടേ തകർന്നുകിടക്കുന്ന രാജാക്കാട് കല്ലാർകുട്ടി സംസ്ഥാന പാതയിൽ പന്നിയാർകൂട്ടി എസ്.വളവിൽ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ വൻ കുഴികളും ഉറവച്ചാലും വെള്ളക്കെട്ടും യാത്രക്കാർക്കും വാഹനങ്ങൾക്കും ഒന്നുപോലെ ഭീഷണിയാകുന്നു. തീർത്തും വീതി കുറഞ്ഞ് കൊടും വളവോടുകൂടിയ ഇവിടെ മലമുകളിൽ നിന്നുമെത്തുന്ന മഴവെള്ളവും ഉറവയും നിരന്തരം കവിഞ്ഞൊഴുകി ഫില്ലിംഗ് സൈഡ് 2 മീറ്ററിലധികം റോഡിലേയ്ക്ക് കയറി ഇടിഞ്ഞിരിക്കുകയാണ്.തൊട്ട് താഴെയായി ഒരു വീട് സ്ഥിതിചെയ്യുന്നതും അപായ ഭീഷണി വർദ്ധിപ്പിക്കുന്നു. പ്രളയകാലത്തെ ഉരുൾപൊട്ടലിൽ നിരവധിപ്പേർ മരിക്കുകയും, വീടുകൾ തകരുകയും ചെയ്തതിന് അടുത്താണിവിടം.
വെള്ളക്കെട്ട് റോഡിന് ഭീഷണി
മലയുടെ ഒരു വശത്തെ പാറക്കെട്ട് പൊട്ടിച്ച് നീക്കി നിർമ്മിച്ച റോഡ് ആയതിനാൽ ഇവിടെ തീർത്തും വീതി കുറവാണു. കടുത്ത വേനലിൽ ഒഴികെ എല്ലാ കാലത്തും ഉറവയും നീരൊഴുക്കുമുണ്ട്. ഓട ഇല്ലാത്തതിനാൽ ഈ വെള്ളമത്രയും കെട്ടിനിന്ന് ടാറിംഗ് തകർന്ന് കുഴികളായി മാറിയിട്ട് രണ്ട് വർഷത്തിൽ അധികമായി. വലതുവശത്തെ ടാറിംഗിനോട് ചേർന്നുള്ള് ഇളകിയ ഭാഗത്തുകൂടി ടെലഫോൺ കേബിളുകൾ കടന്നു പോകുന്ന കുഴിയിലേയ്ക്ക് ഇത് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നതിനാൽ വശം ഇടിഞ്ഞുള്ള ഗർത്തം ഓരോ ദിവസവും വലുതാകുകയാണു. പ്രളയാകാലത്ത് മലമുകളിൽ ഉരുൾപൊട്ടി എത്തിയ മണ്ണും ചെളിയും ഇതുവഴിയാണു താഴേയ്ക്ക് ഒഴുകിയിറങ്ങിയതും കൂടുതൽ ഇടിയുന്നതിനു കാരണമായി.
അപകടം പതിവാകുന്നു
രാജാക്കാട്, കല്ലാർകുട്ടി, അടിമാലി റോഡ് കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയുടെ പ്രധാന ബൈപാസ് ആയതിനാൽ അടിമാലി, പൂപ്പാറ, തമിഴ്നാട്, നെടുങ്കണ്ടം, കുമളി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള ഭാരവണ്ടികൾ അടക്കം ആയിരക്കണക്കിനു വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. 20 മീറ്ററിലധികം നീളത്തിൽ രണ്ടടിയോളം ആഴത്തിൽ വ്യാപിച്ച് കിടക്കുന്ന കുഴികളിൽ ചാടി കല്ലുകളിൽ അടിവശം തട്ടിയാണു മിക്ക വണ്ടികളും സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മറിഞ്ഞു വീഴുന്നതും പതിവാണ്. വീതിക്കുറവ് മൂലം ഇടിഞ്ഞ് ഗർത്തമായിരിക്കുന്ന ഭാഗത്തിന്റെ വക്കിലൂടെ വേണം വാഹനങ്ങൾക്ക് കടന്നു പോകുവാൻ. എതിർ വശത്തുനിന്നും വരുന്നവയ്ക്ക് സൈഡ് കൊടുക്കുന്നതിനുള്ള വീതിയും സമീപത്തില്ല.